മെസ്സിയുടെ സഹോദരന്റെ ബാഴ്സ അധിക്ഷേപത്തിൽ പ്രതികരിച്ച് പ്രസിഡന്റ്‌ ലാപോർട്ട

ലയണൽ മെസ്സിയുടെ സഹോദരനായ മത്യാസ് മെസ്സി കഴിഞ്ഞ ദിവസം പറഞ്ഞ പ്രസ്താവന ലോക ഫുട്ബോളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.ലയണൽ മെസ്സി വന്നതുകൊണ്ടാണ് ബാഴ്സ അറിയപ്പെടാൻ തുടങ്ങിയതെന്നും മെസ്സിക്ക് മുമ്പ് ബാഴ്സയെ ആർക്കും അറിയില്ലായിരുന്നു എന്നുമായിരുന്നു മെസ്സിയുടെ സഹോദരൻ പറഞ്ഞിരുന്നത്.

മാത്രമല്ല മെസ്സി ബാഴ്സയിലേക്ക് തിരികെ പോവില്ലെന്നും പ്രസിഡന്റായ ലാപോർട്ടയെ ക്ലബ്ബിൽ നിന്ന് പുറത്താക്കണമെന്നുള്ള കാര്യവും അദ്ദേഹം പറഞ്ഞിരുന്നു.ഇത് വലിയ രൂപത്തിൽ വിവാദമായതോടെ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.താൻ തമാശക്ക് പറഞ്ഞതാണെന്നും എല്ലാവരോടും മാപ്പ് അഭ്യർത്ഥിക്കുന്നു എന്നുമായിരുന്നു ഇൻസ്റ്റഗ്രാമിൽ മത്യാസ് മെസ്സി പറഞ്ഞിരുന്നത്.

ഈ വിഷയത്തിൽ എഫ്സി ബാഴ്സലോണയുടെ പ്രസിഡണ്ടായ ലാപോർട്ട പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.ലയണൽ മെസ്സി എപ്പോഴും ബാഴ്സയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ സഹോദരന്റെ പ്രസ്താവന മെസ്സിയും ബാഴ്സയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ലാപോർട്ട പറഞ്ഞിട്ടുണ്ട്.

‘ലയണൽ മെസ്സി ബാഴ്സലോണയുടെ ചരിത്രത്തിന്റെ ഭാഗമാണ്.നിലവിൽ അദ്ദേഹം പിഎസ്ജിയുടെ താരമാണ്.അതുകൊണ്ടുതന്നെ എനിക്കിപ്പോൾ അതെക്കുറിച്ച് സംസാരിക്കാനാവില്ല.ഞാൻ അതിനെ ബഹുമാനിക്കുന്നു.അദ്ദേഹത്തിന്റെ സഹോദരൻ മാപ്പ് പറഞ്ഞിട്ടുണ്ട്.ഈ വിഷയവും സഹോദരന്റെ പ്രസ്താവനയും ഒന്നും തന്നെ മെസ്സിയും ബാഴ്സയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുകയില്ല’ ഇതാണ് ബാഴ്സ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

മത്യാസ് മെസ്സി തന്റെ മകന്റെ ട്വിച്ചിലാണ് ഈ പ്രസ്താവന നടത്തിയിരുന്നത്.എന്നാൽ അത് തമാശയ്ക്ക് ചെയ്തതാണ് എന്ന് അദ്ദേഹം പിന്നീട് പറയുകയായിരുന്നു.ലയണൽ മെസ്സി ഒരിക്കലും ബാഴ്സയിലേക്ക് തിരിച്ചെത്തില്ല എന്ന രൂപത്തിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.എന്നാൽ ഇതെല്ലാം മെസ്സിയുടെ വൃത്തങ്ങൾ തള്ളിക്കളഞ്ഞിരുന്നു.