ഇത് മെസി മാത്രമേ ചെയ്യൂ, ബാഴ്‌സലോണയിലെത്താൻ പ്രതിഫലം വെട്ടിക്കുറച്ച് അർജന്റീന താരം

ഫുട്ബോൾ ലോകത്തെ പല പ്രധാന താരങ്ങളും പണത്തിന്റെ പിന്നാലെ പോകുമ്പോൾ താൻ ചെറുപ്പം മുതൽ കളിച്ചു വളർന്ന ക്ലബ്ബിലേക്ക് ചേക്കേറാൻ പ്രതിഫലം വെട്ടിക്കുറയ്ക്കാൻ തയ്യാറായി ലയണൽ മെസി. ഈ സീസണോടെ പിഎസ്‌ജി വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറാനൊരുങ്ങുന്ന മെസിയുടെ കരാറിന്റെ വിവരങ്ങൾ പുറത്തു വന്നതിൽ നിന്നാണ് ഇതു വ്യക്തമാകുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലയണൽ മെസിയെ ബാഴ്‌സലോണ ഒഴിവാക്കുന്നത്. തുടർന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കയാണ്. മെസി കരാർ പുതുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ലോകകപ്പിന് ശേഷം അതിൽ മാറ്റമുണ്ടായി. ഫ്രാൻസിലെ ആരാധകർ തനിക്കെതിരെ തിരഞ്ഞതോടെയാണ് മെസി ക്ലബ് വിടാനുള്ള തീരുമാനമെടുത്തത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് അതിന്റെ പരിമിതികളിൽ നിന്നുകൊണ്ടുള്ള കരാർ മാത്രമേ മെസിക്ക് നൽകാൻ കഴിയൂ. അതുകൊണ്ടാണ് താരത്തിന്റെ പ്രതിഫലം ഇത്രയും കുറയാൻ കാരണമായത്. അതേസമയം വമ്പൻ പ്രതിഫലം നൽകിയുള്ള ഓഫറുകൾ തഴഞ്ഞാണ് മെസി കുറഞ്ഞ പ്രതിഫലത്തിൽ ബാഴ്‌സയിലേക്ക് ചേക്കേറാൻ തയ്യാറായിരിക്കുന്നത്.

കാറ്റലൻ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തെ കരാറാണ് മെസിക്ക് ബാഴ്‌സലോണ നൽകുന്നത്. ഒരു സീസണിൽ ഇരുപത്തിയഞ്ചു മില്യൺ യൂറോ പ്രതിഫലമായി ബാഴ്‌സലോണ നൽകും. ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനു മുൻപുള്ള ബാഴ്‌സലോണ കരാർ പ്രകാരം ലഭിച്ചിരുന്ന വേതനത്തിന്റെ നാലിലൊന്നു മാത്രമാണ് ഈ തുക.

ലയണൽ മെസിയെ സംബന്ധിച്ച് കരിയറിന്റെ അവസാന കാലഘട്ടം സന്തോഷത്തോടെ ചിലവഴിക്കുക എന്നതാണ് ലക്‌ഷ്യം. പിഎസ്‌ജിയിൽ താരത്തിന് അത് ലഭിക്കുന്നില്ല. അതേസമയം ബാഴ്‌സലോണ താരങ്ങൾ മെസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ഈ സീസണിന് ശേഷം അത് നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

4.9/5 - (75 votes)