മെസിയെ പിഎസ്‌ജി ചതിച്ചതു തന്നെ, വെളിപ്പെടുത്തലുമായി ഫാബ്രിസിയോ റൊമാനോ |Lionel Messi

ലയണൽ മെസിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഫുട്ബോൾ ലോകത്ത് ചർച്ചകൾ നിറഞ്ഞു നിൽക്കെയാണ്. ക്ലബിന്റെ സമ്മതമില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‌തതിനെ തുടർന്നാണ് മെസിയെ ഫ്രഞ്ച് ക്ലബ് സസ്‌പെൻഡ് ചെയ്‌തത്‌. രണ്ടാഴ്‌ച ക്ലബിന്റെ ട്രൈനിങ്ങിൽ പങ്കെടുക്കരുത് എന്നതിന് പുറമെ ഈ കാലയളവിൽ താരത്തിന്റെ വേതനം നൽകില്ലെന്നും പിഎസ്‌ജി തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോൾ ഇക്കാര്യത്തിൽ നിർണായകമായ വെളിപ്പെടുത്തൽ നടത്തി പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ രംഗത്തു വന്നിട്ടുണ്ട്. ഒരു താരവും ക്ലബിന് മുകളിലല്ലെന്ന വ്യക്തമായ സൂചന നൽകുന്നതിന് വേണ്ടിയാണ് പിഎസ്‌ജി ഈ ശിക്ഷാനടപടി നൽകിയതെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അതിനു ശേഷം ലയണൽ മെസിയുടെ ഭാഗത്തു നിന്നും ലഭിച്ച വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

റൊമാനോ പറയുന്നത് പ്രകാരം ലോറിയന്റുമായുള്ള മത്സരത്തിന് ശേഷം ടീമിന് മൂന്നു ദിവസം അവധിയാണെന്നാണ് മെസി അടക്കമുള്ള താരങ്ങൾക്ക് അറിവുണ്ടായിരുന്നത്. സൗദിയിലേക്ക് പോകുന്ന കാര്യം മെസി പിഎസ്‌ജിയെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ താരം സൗദിയിലേക്ക് വിമാനം കയറിയപ്പോൾ പിഎസ്‌ജി പദ്ധതികൾ മാറ്റുകയും അടുത്ത ദിവസം പരിശീലന സെഷൻ നടത്താൻ തീരുമാനിക്കുകയും ചെയ്‌തു.

ആ സമയത്ത് ഒരു തിരിച്ചുവരവ് മെസിക്ക് സാധ്യമല്ലായിരുന്നു. എന്നാൽ ലയണൽ മെസി ഇതിനു മുൻപ് രണ്ടു തവണ പിഎസ്‌ജിക്ക് വേണ്ടി സൗദി സന്ദർശനം വേണ്ടെന്നു വെച്ചുവെന്നും ഇപ്പോഴത്തെ നടപടി താരവുമായി ബന്ധപ്പെട്ടവർക്ക് അത്ഭുതം ഉണ്ടാക്കിയെന്നും റൊമാനോ പറയുന്നു. പിഎസ്‌ജിക്കൊപ്പം വളരെ പ്രൊഫെഷണൽ സമീപനവുമായി നിന്നിരുന്ന മെസി യാതൊരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലയണൽ മെസിക്കെതിരായ നടപടി പിഎസ്‌ജി ആസൂത്രിതമായി നടത്തിയത് പോലെയാണെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. പിഎസ്‌ജി പുതിയ കരാർ നൽകിയെങ്കിലും താരം ഇതുവരെ അതിലൊപ്പിടാൻ തയ്യാറാകാത്തത് പിഎസ്‌ജിക്ക് അതൃപ്‌തി ഉണ്ടാക്കിയിരിക്കാം. ഇതേക്കുറിച്ച് മെസി തന്നെ പിന്നീട് വെളിപ്പെടുത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

5/5 - (1 vote)
Lionel Messi