ഒരു മാറ്റവുമില്ല, 12-മത്തെ ലീഗ് തോൽവിയും ഏറ്റുവാങ്ങി ലിയോ മെസ്സിയുടെ ഇന്റർ മിയാമി
ലോകഫുട്ബോളിലെ ഏഴ് ബാലൻ ഡി ഓർ അവാർഡുകൾ നേടിയ ഏകാതാരമായ ലിയോ മെസ്സിയുടെ പുതിയ ടീമാണ് അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലാണ് ക്ലബ്ബ്.
പാരിസ് സെന്റ് ജർമയിനോട് വിട പറഞ്ഞ ലിയോ മെസ്സി തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ബാഴ്സലോണ ട്രാൻസ്ഫർ നടക്കാത്തതിനാൽ പിന്നെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിനെയാണ് മെസ്സി അടുത്ത തട്ടകമായി തിരഞ്ഞെടുത്തത്.
ലിയോ മെസ്സിയുടെ സൈനിങ് കഴിഞ്ഞു നടന്ന ഇന്റർ മിയാമിയുടെ ആദ്യ മത്സരത്തിൽ യുഎസ് ഓപ്പൺ കപ്പ് ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ വിജയം നേടിയ ക്ലബ്ബ് സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. എന്നാൽ ഇപ്പോഴും മേജർ സോക്കർ ലീഗിലെ പോയന്റ് ടേബിൾ നോക്കുകയാണെങ്കിൽ അവസാന സ്ഥാനക്കാരാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമി.
ഇന്ന് നടന്ന ഇന്റർ മിയാമിയുടെ ലീഗ് മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ടീം, എവേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് ടീമിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങി. ലീഗിൽ 17 മത്സരങ്ങൾ കളിച്ച ടീം 12-മത് തോൽവിയാണ് ഇന്ന് ഇന്റർ മിയാമി ഏറ്റുവാങ്ങിയത്.
— Inter Miami CF (@InterMiamiCF) June 11, 2023
മത്സരം തുടങ്ങി 27-മിനിറ്റിൽ ഗിലിന്റെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ ന്യൂ ഇംഗ്ലണ്ടിന് വേണ്ടി 34-മിനിറ്റിൽ പോൾസ്റ്റർ രണ്ടാം ഗോൾ നൽകി ആദ്യ പകുതി രണ്ട് ഗോളുകളുടെ ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 51-മിനിറ്റിൽ വുഡ് ന്യൂ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളും നേടി. എന്നൽ 84-മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ മാർട്ടിനസ് ഇന്റർ മിയാമിയുടെ ആശ്വാസഗോൾ നേടിയെങ്കിലും മത്സരം 3-1 ന് അവസാനിച്ചു.