മെസ്സിയെക്കാൾ മികച്ചവൻ റൊണാൾഡോ തന്നെ…!! ഈ ബാലൺ ഡി ഓർ അംഗീകരിക്കാനാവില്ല..! വിമർശനവുമായി മുൻ താരങ്ങൾ ഉൾപ്പടെ രംഗത്ത്

തിങ്കളാഴ്ച്ച ബയേൺ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയെ പിന്തള്ളി അർജന്റീനൻ സ്ട്രൈക്കർ ലയണൽ മെസ്സി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയിരുന്നു. രണ്ടാം സ്ഥാനക്കാരനായ റോബർട്ട് ലെവൻഡോവ്‌സ്‌കിയേക്കാൾ 33 വോട്ടുകൾക്കാണ് ലയണൽ മെസ്സി വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ ഇത്തവണ ആറാം സ്ഥാനത്ത് എത്താനെ സാധിച്ചൊള്ളു.

എന്നാൽ, റൊണാൾഡോയുടെ രണ്ട് മുൻ റയൽ മാഡ്രിഡ് സഹതാരങ്ങളായ ടോണി ക്രൂസും ഐക്കർ കസിയസും അന്തിമ പട്ടികയെ വിമർശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. 2021-ലെ ബാലൺ ഡി ഓറിനുള്ള വോട്ടിംഗിൽ ലയണൽ മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരേണ്ടതായിരുന്നുവെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് പറഞ്ഞു.

സ്‌ട്രൈക്കർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തതിനുപകരം ലെവൻഡോവ്‌സ്‌കിയെ ബാലൺ ഡി ഓർ ജേതാവായി തിരഞ്ഞെടുക്കണമായിരുന്നു എന്ന് സംബന്ധിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, റൊണാൾഡോയുടെ ആറാം സ്ഥാനം വലിയ ചർച്ചകൾക്ക്‌ ഇടയാക്കിയില്ല. എന്നിരുന്നാലും, റൊണാൾഡോയുടെ മുൻ സഹതാരം ക്രൂസ്, 2021 ൽ മെസ്സിയെക്കാൾ മികച്ചത് റൊണാൾഡോ ആണെന്ന് പറയുക മാത്രമല്ല, കരീം ബെൻസെമ ബാലൺ ഡി ഓർ നേടേണ്ടതായിരുന്നുവെന്ന് വാദിക്കുകയും ചെയ്തു.

“എന്നെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വ്യക്തിഗത കളിക്കാരനെയാണ് നിങ്ങൾ തിരയുന്നതെങ്കിൽ കരീം ഒന്നാമനാകുമായിരുന്നു, കാരണം അവൻ ഒരു മികച്ച ഫുട്ബോൾ കളിക്കാരനാണെന്ന് എനിക്ക് അടുത്ത് നിന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്,” ക്രൂസ് തന്റെ ഔദ്യോഗിക പോഡ്‌കാസ്റ്റായ ഐൻഫാച്ച് മാൽ ലുപ്പനോട് പറഞ്ഞു.

“ക്രിസ്റ്റ്യാനോ ഈയിടെ എത്ര നിർണായക ഗോളുകൾ നേടിയെന്ന് പരിശോധിക്കുമ്പോൾ, എന്റെ കണ്ണിൽ, ക്രിസ്റ്റ്യാനോ മെസ്സിക്ക് മുമ്പിൽ വരുന്നു. മെസ്സിക്ക്‌ ഇത്തവണ ലഭിച്ച അവാർഡ് തികച്ചും അദ്ദേഹത്തിന് അർഹതയുള്ളതല്ല. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മെസ്സി കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച കളിക്കാരനായിരുന്നു എന്നതിൽ സംശയമില്ല, എന്നാൽ ഈ വർഷം അദ്ദേഹത്തിന് മുന്നിൽ മറ്റുള്ളവർ ഉണ്ടായിരുന്നു,” ക്രൂസ് പറഞ്ഞു.

റൊണാൾഡോയുടെ മറ്റൊരു മുൻ സഹതാരവും ബാലൺ ഡി ഓർ പട്ടികയെ വിമർശിച്ചു. മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ ഐക്കർ കസിയസ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: “ഈ ഫുട്ബോൾ അവാർഡിൽ എനിക്ക് വലിയ മതിപ്പില്ല. മെസ്സി, അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ ഒരാളാണ്, എന്നാൽ ഒരു സീസണിലെ ഏറ്റവും മികച്ച കളിക്കാരെ എങ്ങനെ പട്ടികപ്പെടുത്തണമെന്ന് നിങ്ങൾക്കറിയണം. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.”

Rate this post