അമേരിക്കൻ ലൈഫ്സ്റ്റൈൽ മാഗസിനിൽ ലിയോ മെസ്സിയുടെ ജേഴ്സിയും ഇടം നേടി |Lionel Messi
2023ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി വിട്ടുകൊണ്ട് അമേരിക്കൻ ഫുട്ബോളിലേക്ക് കാലെടുത്തുവെച്ച ലിയോ മെസ്സി ഇന്റർ മിയാമി ക്ലബ്ബിനോടൊപ്പം തന്റെ ആദ്യ സീസൺ പൂർത്തിയാക്കി. ഇന്റർമിയമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ട്രോഫി സ്വന്തമാക്കിയാണ് ലിയോ മെസ്സി സീസൺ അവസാനിപ്പിച്ചത്. ലിയോ മെസ്സിയുടെ വരവിനുശേഷം കാര്യമായ മാറ്റങ്ങളാണ് അമേരിക്കൻ ഫുട്ബോളിലും സൃഷ്ടിച്ചത്.
അമേരിക്കൻ ലൈഫ് സ്റ്റൈൽ മാഗസിനായ വോഗ് മാഗസിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച 15 ഫാഷൻ ഐറ്റംസിൽ ഉൾപ്പെട്ടിരിക്കുകയാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലെ ജേഴ്സി. 2023ലെ ഏറ്റവും മികച്ച 15 ഫാഷൻ ഐറ്റങ്ങളിലാണ് മെസ്സിയുടെ 10 നമ്പർ ജേഴ്സി ഉൾപ്പെട്ടത്. 130 വർഷം പഴക്കമുള്ള വോഗ് മാഗസിന്റെ ഈ വർഷത്തെ നിമിഷങ്ങളിൽ ഒരു ഫുട്ബോൾ ജേഴ്സി ഇടം നേടിയിട്ടുണ്ടെങ്കിൽ അത് ലിയോ മെസ്സിയുടെ സാന്നിധ്യമാണ്.
ലിയോ മെസ്സിയുടെ സൈനിംഗ് പ്രഖ്യാപിച്ചതിനുശേഷം മിയാമി ജേഴ്സിയുടെ വിൽപ്പനയിൽ അപ്രതീക്ഷിതമായ കുതിച്ചു കയറ്റമാണ് ഉണ്ടായിട്ടുള്ളത്. ലിയോ മെസ്സി ഇന്റർ മിയാമിയിൽ എത്തി അഞ്ചുമാസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും അഡിഡാസിന്റെ വെബ്സൈറ്റിൽ ലിയോ മെസ്സിയുടെ ജേഴ്സിക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണെന്നും അമേരിക്കൻ ലൈഫ് സ്റ്റൈൽ മാഗസിനായ വോഗ് മാഗസിൻ പറഞ്ഞു.
ലിയോ മെസ്സിയുടെ അമേരിക്കൻ ഫുട്ബോളിലേക്കുള്ള വരവിനു ശേഷം അമേരിക്കയിലെ നിരവധി സെലിബ്രിറ്റികളാണ് താരത്തിന്റെ കളികാണാൻ ഇന്റർമിയാമിയുടെ സ്റ്റേഡിയത്തിലേക്ക് വരുന്നത്. കൂടാതെ അമേരിക്കയിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുവാനും ലിയോ മെസ്സിയുടെ ഇന്റർ മിയാമി സൈനിങ്ങിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ഇന്റർ മിയാമിക്ക് ലീഗ് കപ്പ് ഒഴികെ മറ്റ് ടൂർണമെന്റുകളിൽ തിളങ്ങാൻ ആയിട്ടില്ല. മേജർ സോക്കർ ലീഗിന്റെ കിരീടം മോഹിച്ച ഇന്റർമിയാമിക്ക് മുൻനിര സ്ഥാനങ്ങളിൽ എത്തുവാനും കഴിഞ്ഞിട്ടില്ല. എന്നാൽ ലിയോ മെസ്സിയോടൊപ്പം അടുത്ത സീസണിൽ മുന്നേറാൻ ആവുമെന്നാണ് മിയാമി പ്രതീക്ഷിക്കുന്നത്.