ചാമ്പ്യൻസ് ലീഗ്: മോശം ഫോമിലുള്ള മെസ്സി നേരിടേണ്ടത് മാരകഫോമിലുള്ള ലെവന്റോസ്ക്കിയെ !

ഈ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ഏറ്റവും വാശിയേറിയ പോരാട്ടം എഫ്സി ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് സംശയമില്ല. വെള്ളിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30 നാണ് മത്സരം നടക്കുക. നിലവിലെ രണ്ട് സൂപ്പർ താരങ്ങൾ മുഖാമുഖം വരുന്നു എന്നതാണ് ഈ മത്സരത്തിന്റെ മറ്റൊരു സവിശേഷത. എഫ്സി ബാഴ്സലോണയുടെ ലയണൽ മെസ്സിയും ബയേൺ മ്യൂണിക്കിന്റെ റോബർട്ട്‌ ലെവന്റോസ്ക്കിയുമാണ് ഇരുടീമുകളുടെയും പ്രതീക്ഷകളും തുറുപ്പു ചീട്ടുകളും.

എന്നാൽ മെസ്സി എന്ന താരത്തെ സംബന്ധിച്ചെടുത്തോളം ഇത് മോശം ചാമ്പ്യൻസ് ലീഗ് ആയിരുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ മെസ്സി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും മെസ്സിയുടെ മുൻകാല ചാമ്പ്യൻസ് ലീഗ് കണക്കുകൾ എടുത്ത് നോക്കിയാൽ ഇതാണ് മോശം ചാമ്പ്യൻസ് ലീഗ് എന്ന കാര്യത്തിൽ താരത്തിന്റെ ആരാധകർക്ക് പോലും സംശയമുണ്ടാവില്ല. കേവലം മൂന്ന് ഗോളുകൾ മാത്രമാണ് മെസ്സി ഈ ചാമ്പ്യൻസ് ലീഗിൽ നേടിയത്. മെസ്സിയുടെ സീസണിലെ കണക്കുകൾ അല്പം മികച്ചതാണ്. എല്ലാ കോംപിറ്റീഷനുകളിലുമായി ഈ സീസണിൽ 31 ഗോളുകളും 27 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. തുടക്കത്തിൽ പരിക്ക് മൂലം കുറച്ചു മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു എന്നും ഇതിനോട് ചേർത്തു വായിക്കേണ്ട ഒന്നാണ്. ബാഴ്സലോണ ഈ സീസണിൽ നേടിയ ആകെ ഗോളുകളുടെ 53 ശതമാനവും മെസ്സിയാണ് നേടിയത്. കഴിഞ്ഞ നാപോളിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി മിന്നുന്ന പ്രകടനം ആരാധകർക്ക് ആശ്വാസം പകരുന്ന ഒന്നാണ്. എന്നിരുന്നാലും ആകെ കൂട്ടികുഴച്ചു നോക്കുമ്പോൾ മെസ്സിയുടെയും ബാഴ്സയുടെയും മോശം പ്രകടനം തന്നെയാണ് ഈ സീസണിൽ കാണാനായത്.

എന്നാൽ മറുഭാഗത്തുള്ള ലെവന്റോസ്ക്കിയുടെ കാര്യം അങ്ങനെയല്ല. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസൺ ആണിത്. ഗോൾഡൻ ബൂട്ട് തലനാരിഴക്ക് നഷ്ടമായെങ്കിലും ചാമ്പ്യൻസ് ലീഗിലെ ഗോൾവേട്ടക്കാരൻ താരം തന്നെയാണ്. 13 ഗോളുകൾ ആണ് താരം ഈ ചാമ്പ്യൻസ് ലീഗിൽ നേടിയത്. 17 ഗോളുകൾ നേടികൊണ്ട് ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ പേരിലാണ്. ലെവന്റോസ്കിക്ക്‌ ഇത് മറികടക്കാനുള്ള സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. ഈ സീസണിൽ ആകെ 53 ഗോളുകൾ ആണ് താരം നേടിയത്. ബുണ്ടസ്‌ലിഗയിൽ 34 ഗോളുകൾ നേടിയ താരം ഡിഎഫ്ബി പോക്കലിൽ ആറു ഗോളുകൾ കൂടി നേടി. ബയേൺ നേടിയ ആകെ ഗോളുകളിൽ 54 ശതമാനവും പിറന്നത് ലെവന്റോസ്ക്കിയുടെ ബൂട്ടിൽ നിന്നാണ്. അതായത് ലെവന്റോസ്ക്കി മിന്നും ഫോമിലാണ് കളിക്കുന്നത് എന്നർത്ഥം. 13 ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്ന കണക്ക് ലെവന്റോസ്ക്കിയുടെ കരിയറിലെ ഏറ്റവും മികച്ച കണക്കുകൾ ആവുമ്പോൾ 3 ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്നുള്ളത് മെസ്സിയുടെ കരിയറിലെ മോശം കണക്കുകളിൽ ഒന്നാണ്.അതേസമയം മെസ്സിയെക്കാൾ മികച്ചവൻ ലെവന്റോസ്ക്കി ആണെന്ന് താരം തെളിയിക്കുമെന്ന് മുള്ളർ അഭിപ്രായപ്പെട്ടിരുന്നു

Rate this post