കായികലോകത്തെ ഓസ്കാർ: ലോറിസ് അവാർഡ് പട്ടികയിൽ ഇടംനേടി മെസിയും അർജന്റീനയും |Lionel Messi
2022ൽ ചരിത്രം കുറിച്ച് ഫുട്ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയ അർജന്റീന ടീമും നായകനായ ലയണൽ മെസിയും കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറീസ് അവാർഡ് 2023നായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2022ലെ മികച്ച ടീമുകൾക്കുള്ള പുരസ്കാരത്തിൽ അർജന്റീന ടീം ഉൾപ്പെട്ടപ്പോൾ ഏറ്റവും മികച്ച സ്പോർട്ട്സ് താരത്തിനുള്ള അവാര്ഡിലാണ് ലയണൽ മെസിയുടെ പേരുള്ളത്.
ഫുട്ബോളിൽ നിന്നും മെസിക്ക് പുറമെ എംബാപ്പയും മികച്ച താരത്തിനുള്ള പുരസ്കാരത്തിനുള്ള ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം മികച്ച ടീമുകളുടെ പട്ടികയിൽ ഫുട്ബോളിൽ നിന്നും അർജന്റീന ടീമിന് പുറമെ രണ്ടു ടീമുകൾ കൂടിയുണ്ട്. സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡും ഇംഗ്ലണ്ടിന്റെ വനിതാ ഫുട്ബോൾ ടീമുമാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
ലോകകപ്പ്, ലാ ഫൈനലൈസിമ, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് സൂപ്പർകപ്പ് എന്നിവ 2022ൽ മെസി നേടിയപ്പോൾ മറ്റൊരു താരമായ എംബാപ്പെക്ക് ലോകകപ്പ് റണ്ണറപ്പ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് സൂപ്പർകപ്പ് എന്നീ നേട്ടങ്ങളാണുള്ളത്. എൻബിഎ താരം സ്റ്റീഫൻ കറി, ഫോർമുല വൺ ഡ്രൈവർ മാക്സ് വേസ്റ്റാപ്പൻ, ഓസ്ട്രേലിയൻ ഓപ്പൺ ഫ്രഞ്ച് ഓപ്പൺ എന്നിവ നേടിയ ടെന്നീസ് താരം നദാൽ, പോൾവാൾട്ട് താരം ഡ്യൂപ്ളാന്റിസ് എന്നിവരും ലിസ്റ്റിലുണ്ട്.
കഴിഞ്ഞ വർഷം ലോകകപ്പും അതിനു മുൻപ് ലാ ഫൈനലിസമായും നേടിയത് അർജന്റീന ഫുട്ബോൾ ടീം പട്ടികയിൽ വരാൻ കാരണമായപ്പോൾ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ്, ലാ ലിഗ വിജയം റയൽ മാഡ്രിഡിനെ ലിസ്റ്റിൽ എത്തിച്ചു. യൂറോ കിരീടം നേടിയ ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം, ഫ്രാൻസിന്റെ പുരുഷ റഗ്ബി ടീം, അമേരിക്കൻ ബാസ്കറ്റ് ബോൾ ടീമായ ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സ്, ഫോർമുല വൺ ടീമായ ഒറാക്കിൾ റെഡ്ബുൾ റേസിംഗ് എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു ടീമുകൾ.
🏆 Lionel Messi and Argentina National Team are nominated for the Laureus World Sportsman and Team Of The Year Awards 🇦🇷🔥 pic.twitter.com/cPaiumdkLt
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 20, 2023
ലോകകപ്പ് വിജയം നേടി ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറിയതിനാൽ മെസി പുരസ്കാരം നേടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനു മുൻപ് ഫുട്ബോളിൽ നിന്നും ലോറിസ് പുരസ്കാരം നേടിയ ഒരേയൊരു താരമായ മെസി ഇത്തവണയും അത് സ്വന്തമാക്കിയാൽ ചരിത്രമാകും. 2020ലാണ് മെസി ലോറിസ് പുരസ്കാരം ആദ്യമായി നേടുന്നത്.