ഒപ്പം കളിച്ച താരങ്ങളുടെ മികച്ച ഇലവൻ തിരഞ്ഞെടുത്ത് ലയണൽ മെസി, എംബാപ്പെ ടീമിൽ |Lionel Messi

പ്രൊഫെഷണൽ ഫുട്ബോളിൽ ആകെ രണ്ടു ക്ലബുകൾക്ക് വേണ്ടി മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും നിരവധി സൂപ്പർതാരങ്ങൾ ലയണൽ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ടീമായിരുന്നു പെപ് ഗ്വാർഡിയോളയുടെ കീഴിൽ ലയണൽ മെസി കളിച്ചിരുന്ന ബാഴ്‌സ. പിഎസ്‌ജിയിലും എംബാപ്പെ ഉൾപ്പെടെയുള്ള താരങ്ങൾ മെസിക്കൊപ്പമുണ്ട്.

ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം താൻ ഒപ്പം കളിച്ച താരങ്ങളെ വെച്ച് ഏറ്റവും മികച്ച ഇലവൻ ലയണൽ മെസി തിരഞ്ഞെടുത്തിരുന്നു. ബാഴ്‌സലോണ താരങ്ങളുടെ ആധിപത്യമുള്ള ഇലവനിൽ ഒരൊറ്റ താരം മാത്രമാണ് പിഎസ്‌ജിയിൽ നിന്നുമുള്ളത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പയാണ് മെസി തിരഞ്ഞെടുത്ത ബാഴ്‌സയിൽ ഒപ്പം കളിക്കാത്ത ഒരേയൊരു താരം.

ഗോൾകീപ്പറായി നിലവിൽ ബാഴ്‌സലോണയിൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന ടെർ സ്റ്റീഗനെ തന്നെയാണ് മെസി തിരഞ്ഞെടുത്തത്. പ്രതിരോധനിരയിൽ സെന്റർ ബാക്കുകളായി മഷറാനോ, പുയോൾ എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ പിക്വയേ തഴഞ്ഞിട്ടുണ്ട്. റൈറ്റ് ബാക്കായി ബ്രസീലിയൻ താരം ഡാനി അൽവസും ലെഫ്റ്റ് ബാക്കായി ജോർദി ആൽബയുമാണ് ഇടം പിടിച്ചിരിക്കുന്നത്.

മധ്യനിര പ്രതിഭാസമ്പന്നമാണ്. ഒരിക്കലും ഒഴിവാക്കില്ലെന്നുറപ്പുള്ള സാവി, ഇനിയേസ്റ്റ എന്നിവർക്കൊപ്പം ബ്രസീലിയൻ താരം റൊണാൾഡീന്യോയാണ് മധ്യനിരയിലുള്ളത്. മുന്നേറ്റനിരയിൽ മെസിയുടെ അടുത്ത സുഹൃത്തുക്കളും മുൻ ബാഴ്‌സലോണ താരങ്ങളുമായി നെയ്‌മർ, സുവാരസ് എന്നിവരുള്ളപ്പോൾ അതിനൊപ്പമാണ് എംബാപ്പെയെ മെസി ചേർത്ത് വെച്ചിരിക്കുന്നത്.

ലയണൽ മെസിയും എംബാപ്പെയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നാണ് ആരാധകർ കരുതുന്നതെങ്കിലും അതില്ലെന്നാണ് താരത്തിന്റെ ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ബാഴ്‌സലോണയും അവിടെ കളിച്ച താരങ്ങളും മെസിക്ക് എത്ര പ്രധാനപ്പെട്ടതാണെന്നും ഇത് തെളിയിക്കുന്നു. ഈ സീസണ് ശേഷം മെസി ബാഴ്‌സയിലേക്ക് തിരിച്ചു പോകാനാണ് സാധ്യത.

2.9/5 - (12 votes)