അസിസ്റ്റ് കിംഗ്, യൂറോപ്പിൽ പുതിയ നേട്ടവുമായി മെസ്സി |Lionel Messi

ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ മാസ്മരിക പ്രകടനം ഒരിക്കൽക്കൂടി ആരാധകർക്ക് ദർശിക്കാൻ സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി അജാക്സിയോയെ പരാജയപ്പെടുത്തിയത്.ഈ മൂന്ന് ഗോളുകളിലും ലയണൽ മെസ്സിയുടെ സാന്നിധ്യം നമുക്ക് കാണാൻ സാധിച്ചിരുന്നു.

ആദ്യം കിലിയൻ എംബപ്പേ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയായിരുന്നു. പിന്നീട് ഗോൾകീപ്പറേയും നിഷ്പ്രഭനാക്കിക്കൊണ്ട് ലയണൽ മെസ്സി ക്ലബ്ബിന്റെ രണ്ടാമത്തെ ഗോൾ കണ്ടെത്തി. പിന്നീട് കിലിയൻ എംബപ്പേ സ്കോർ കാർഡ് പൂർത്തിയാക്കിയപ്പോൾ അതിനും അസിസ്റ്റ് നൽകിയത് മെസ്സി തന്നെയായിരുന്നു. ഇങ്ങനെ മൂന്നു ഗോളുകളിലും മെസ്സി പങ്കാളിത്തം വഹിച്ചിരുന്നു.

നിലവിൽ ലയണൽ മെസ്സി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ സീസണിൽ ആകെ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 13 ഗോളുകളും 10 അസിസ്റ്റുകളും മെസ്സി നേടി. ഇതിൽ ഒൻപത് അസിസ്റ്റുകളും പിറന്നിരുന്നത് ലീഗ് വണ്ണിലായിരുന്നു.ഈ ലീഗ് വൺ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും ലയണൽ മെസ്സി തന്നെയാണ്.

മാത്രമല്ല യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ മറ്റൊരു കണക്ക് കൂടി മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അതായത് ഈ സീസണിൽ ലീഗ് വണ്ണിൽ മെസ്സി ആകെ 6 അസിസ്റ്റുകളാണ് തന്റെ സഹതാരമായ കിലിയൻ എംബപ്പേക്ക് നൽകിയിട്ടുള്ളത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഒരു താരവും മറ്റൊരു പ്രത്യേക താരത്തിന് 6 അസിസ്റ്റുകൾ നൽകിയിട്ടില്ല. ഈ സീസണിലെ കണക്കുകളാണ് ഇപ്പോൾ പറയുന്നത്.

ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും തമ്മിലുള്ള പരസ്പര ധാരണയുടെ ആഴമാണ് നമുക്ക് ഇതിലൂടെ മനസ്സിലാവുക.മെസ്സി പിഎസ്ജിയിൽ എത്തിയതിന് ശേഷം ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായിട്ടുള്ള താരം കൂടിയാണ് കിലിയൻ എംബപ്പേ. എന്തെന്നാൽ ഇതുവരെ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് 14 ഗോളുകൾ ആകെ നേടാൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്.