അവസാന മിനുട്ടിൽ വിജയഗോളിനുള്ള അസിസ്റ്റ്, ചരിത്ര നേട്ടവുമായി ലയണൽ മെസി |Lionel Messi

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്രെസ്റ്റിനെതിരെ പിഎസ്‌ജിയുടെ രക്ഷകരായത് ലയണൽ മെസിയും എംബാപ്പെയുമായിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയപ്പോൾ തൊണ്ണൂറാം മിനുട്ടിൽ പിറന്ന വിജയഗോൾ എംബാപ്പയാണ് നേടിയത്. ആ ഗോളിന് മനോഹരമായ അസിസ്റ്റ് നൽകി ലയണൽ മെസി ടീമിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു.

മത്സരത്തിൽ കാർലോസ് സോളാറിന്റെ ഗോളിൽ പിഎസ്‌ജിയാണ് മുന്നിലെത്തിയത്. എന്നാൽ ആദ്യപകുതിയിൽ തന്നെ ബ്രെസ്റ്റ് ഒരു ഗോൾ തിരിച്ചടിക്കും. മത്സരം സമനിലയിലേക്ക് പോകുമെന്ന സാഹചര്യത്തിലാണ് ലയണൽ മെസിയുടെ അസിസ്റ്റിൽ എംബാപ്പെ ഗോൾ നേടുന്നത്. എംബാപ്പയുടെ നീക്കത്തെ കൃത്യമായി മനസിലാക്കി മെസി പന്ത് നൽകിയപ്പോൾ ഗോൾകീപ്പറെ മാത്രമേ ഫ്രഞ്ച് താരത്തിന് മറികടക്കേണ്ടി വന്നുള്ളൂ.

മത്സരത്തിൽ ലയണൽ മെസി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഇന്നലത്തെ അസിസ്റ്റോടെ കരിയറിൽ മൂന്നൂറു ക്ലബ് അസിസ്റ്റുകൾ എന്ന നേട്ടം മെസി സ്വന്തമാക്കി. ഫുട്ബോളിൽ മറ്റൊരു താരത്തിനും ഈ നേട്ടം അവകാശപ്പെടാനില്ല. ഫ്രഞ്ച് ലീഗിൽ പതിമൂന്നു ഗോളുകളും പതിമൂന്നു അസിസ്റ്റുകളുമുള്ള ലയണൽ മെസിയാണ് അസിസ്റ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

മത്സരത്തിൽ വിജയം നേടിയ പിഎസ്‌ജി ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയേക്കാൾ പതിനൊന്നു പോയിന്റ് മുന്നിലാണ് പിഎസ്‌ജി ഉള്ളതെങ്കിലും മാഴ്‌സ ഒരു മത്സരം കുറവാണ് കളിച്ചിരിക്കുന്നത് എന്നതിനാൽ പോയിന്റ് വ്യത്യാസം കുറക്കാനുള്ള അവസരമുണ്ട്. ഈ സീസണിൽ പിഎസ്‌ജിക്ക് സ്വന്തമാക്കാൻ കഴിയുന്ന ഒരേയൊരു കിരീടം ഫ്രഞ്ച് ലീഗ് മാത്രമാണ്.