പരിക്കുകൾ തിരിച്ചടിയാവുമ്പോൾ , യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ലയണൽ മെസ്സിക്ക് കളിക്കാനാവുമോ ? |Lionel Messi

മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന ടൊറന്റോ എഫ്‌സിക്കെതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഇന്റർ മിയാമിയുടെ സൂപ്പർ താരം ലയണൽ മെസ്സി കളം വിട്ടിരുന്നു.രണ്ടാഴ്‌ചത്തെ വിശ്രമത്തിനുശേഷം മൈതാനത്തേക്ക് മടങ്ങിയെത്തിയ മെസ്സി കളിയുടെ ഹാഫ്‌ടൈമിലെത്തുന്നതിന് മുമ്പ് ഒരു സബ്‌സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

മത്സരത്തിൽ ഇന്റർ മയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയെങ്കിലും മെസ്സിയും ആൽബയും പരിക്കുമൂലം ആദ്യ പകുതിയിൽ തന്നെ കളിക്കളം വിട്ടത് തിരിച്ചടി ആയിട്ടുണ്ട്.മത്സരം തുടങ്ങി മുന്നോട്ടുപോകവേ 37 മിനിറ്റിൽ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ലിയോ മെസ്സിയെ മിയാമി പരിശീലകൻ മൈതാനത്തിൽ നിന്നും തിരികെ വിളിച്ചു. ജോർഡി ആൽബയെയും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരികെ വിളിച്ചിരുന്നു.അടുത്ത ബുധനാഴ്ച യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോയെ നേരിടുമ്പോൾ മെസ്സിക്ക് കളിക്കാൻ കഴിയുമോ ഇല്ലയോ എന്നാണ് ഇപ്പോഴുള്ള വലിയ പ്രശ്നം.

ലീഗ് കപ്പ് നേടികൊടുത്തതിന് ശേഷം മയമിക്ക് വീണ്ടുമൊരു കിരീടം നേടികൊടുക്കാനുള്ള ഒരുക്കത്തിലാണ് ലയണൽ മെസ്സി.”ലയണൽ മെസ്സിയും ജോർഡി ആൽബയും ഇന്ന് കളിക്കാൻ തയ്യാറാണെന്ന് തോന്നി, പക്ഷേ അവർക്കുണ്ടായിരുന്ന ക്ഷീണം അവരെ കീഴടക്കി.”ഇത് വലിയ രീതിയിലുള്ള പരിക്കാണെന്നു ഞങ്ങൾ കരുതുന്നില്ല.” – ഇന്റർ മിയാമിയുടെ പരിശീലകൻ ടാറ്റാ മാർട്ടിനോ മത്സരശേഷം സംസാരിച്ചു.

ഈസ്‌റ്റേൺ കോൺഫറൻസിൽ ക്ലബിന്റെ പ്ലേ ഓഫ് സ്‌പോട്ട് നേടാനുള്ള കഠിനമായ പരിശ്രമത്തിൽ മിയാമിക്ക് ആറ് മത്സരങ്ങൾ ബാക്കിയുണ്ട്.നിലവിൽ ഒമ്പതാമത്തെയും അവസാനത്തെയും പോസ്റ്റ് സീസൺ ബെർത്ത് കൈവശമുള്ള ഡി.സി യുണൈറ്റഡിനേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് മയാമി.