❝മെസ്സിയുമായി കരാർ വൈകുന്നതിന്റെ കാരണം വ്യക്തമാക്കി ബാഴ്സലോണ പ്രസിഡന്റ് ❞

സൂപ്പർ താരം ലിയോണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടുന്നത് വൈകുന്നതിനുള്ള കാരണം വ്യക്തമാക്കി ബാഴ്സ പ്രസിഡന്റ് ലാപ്പോർട്ട. മെസ്സിയുമായുള്ള ബാഴ്സയുടെ കരാർ ഇന്നലെ അവസാനിച്ചതോടെ താരം ഫ്രീ ഏജന്റായി മാറിയിരുന്നു. 13-ാം വയസ്സിൽ ബാഴ്‌സലോണയിൽ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടതിന് 16 വർഷത്തിനുശേഷം ആദ്യമായി ക്ലബ്ബുമായി കരാർ ഇല്ലാതെയായി മാറിയിരിക്കുകയാണ്. ബാഴ്സയിൽ തുടരാനാണ് മെസ്സി ആ​ഗ്രഹിക്കുന്നതെന്നും എന്നാൽ മെസ്സിയുമായുള്ള പുതിയ കരാർ ലാ ലി​ഗ അധികൃതരുടെ സാമ്പത്തിക നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയിലാണെന്നും ലപ്പോർട്ട പറഞ്ഞു.

എന്നാൽ മെസ്സിയുമായി പുതിയ കരാറിന് ധാരണയായിട്ടുണ്ടെന്നും ലാ ലി​ഗയുടെ സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് കരാർ പ്രാബല്യത്തിൽ വരാത്തതെന്നും ലപ്പോർട്ട പറഞ്ഞു. സ്പാനിഷ് ലീഗിന്റെ കർശനമായ സാമ്പത്തിക ഫെയർ പ്ലേ നിയമങ്ങൾ കാരണം മാത്രമാണ് കരാർ അവസാനിപ്പിക്കുന്നതെന്ന് ബുധനാഴ്ച വൈകി ലാപോർട്ട ഒരു ജനപ്രിയ സ്പോർട്സ് ടോക്ക് റേഡിയോ ഷോയോട് പറഞ്ഞു. “അദ്ദേഹം തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ലിയോ തുടരാനും ആഗ്രഹിക്കുന്നു, എല്ലാം നന്നായി നടക്കുന്നു. സാമ്പത്തിക പ്രശ്നം ഞങ്ങൾ ഇപ്പോഴും കൈകാര്യം ചെയ്യേണ്ടതുണ്ട്. രണ്ട് പാർട്ടികൾക്കും ഒരുപോലെയുള്ള മികച്ച പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ,” ലാപോർട്ട ഒണ്ട സെറോ റേഡിയോയോട് പറഞ്ഞു .

2013ലാണ് ലാ ലി​ഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലെയും ടീമിന്റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.കൊവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴി‍ഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സലോണ.

2019-2020 സീസണിൽ ബാഴ്സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു.കരാറിലെ ശമ്പളം വെട്ടിക്കുറയ്ക്കാൻ മെസ്സി സന്നദ്ധനാണെന്ന് ലാപോർട്ട പറഞ്ഞു.ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതി “ഞാൻ വിചാരിച്ചതിലും മോശമാണ്” എന്ന് ലാപോർട്ട അടുത്തിടെ പറഞ്ഞിരുന്നു.

Rate this post