❝മെസ്സിയുടെ ബാഴ്സലോണ അധ്യായം ഇപ്പോഴും അവസാനിച്ചിട്ടില്ല❞: ആരാധകർക്ക് പുതിയ പ്രതീക്ഷ നൽകി ബാഴ്സലോണ പ്രസിഡന്റ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളുടെ പട്ടികയെടുക്കുകയാണെങ്കിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര് ഏറ്റവും മുന്നിൽ തന്നെയുണ്ടാവും. അര്ജന്റീന ജേഴ്സിയിൽ മെസ്സിയെ സ്നേഹിക്കുന്നത് പോലെ തന്നെ ബാഴ്സലോണ ജേഴ്സിയിലെ മെസ്സിയെയും ആരാധകർ സ്നേഹിക്കും. മെസ്സിയുടെ ഫുട്ബോൾ കരിയറിലെ എല്ലാ നേട്ടങ്ങളും ബാഴ്സലോണയിൽ നിന്നാണ്.
2000-ൽ 13 വയസ്സുള്ളപ്പോഴാണ് ബാഴ്സലോണയുമായുള്ള മെസ്സിയുടെ ബന്ധം ആരംഭിച്ചത്. ബാഴ്സലോണ യൂത്ത് ടീമായ ബാഴ്സലോണ സിയിലും ബാഴ്സലോണ ബിയിലും കളിച്ചതിന് ശേഷം 2004-ൽ മെസ്സി ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് സൈൻ ചെയ്തു.പിന്നീട് ഫുട്ബോൾ ചരിത്രത്തിൽ തിളങ്ങിയ മെസ്സിയുടെ അധ്യായമാണ് ഫുട്ബോൾ ലോകം കണ്ടത്.
കരിയറിന്റെ അവസാനം വരെ മെസ്സി ബാഴ്സലോണയിൽ തുടരുമെന്നാണ് ലോകമെമ്പാടുമുള്ള മെസ്സി ആരാധകർ കരുതിയിരുന്നത്. എന്നിരുന്നാലും, ബാഴ്സലോണ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2021 ൽ മെസ്സി ബാഴ്സലോണ വിട്ടു. ബാഴ്സലോണയ്ക്ക് വേണ്ടി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളാണ് മെസ്സി നേടിയത്. എന്നാൽ മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് ലാപോർട്ട തുറന്ന് പറഞ്ഞു.
“ലിയോ മെസ്സിയുടെ ബാഴ്സലോണയുടെ കഥ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഇത് ഇപ്പോഴും തുറന്നിരിക്കുന്നു, മുമ്പത്തേതിനേക്കാൾ മനോഹരമായ ഒരു അവസാനം ഇതിന് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ബാഴ്സലോണയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ധാർമികമായി ചെയ്യേണ്ടതാണ് നടപ്പിലാക്കിയത്. ബാഴ്സ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് മെസ്സിയോട് കടപ്പാട് തോന്നുന്നു,” ബാഴ്സലോണ പ്രസിഡന്റ് ലാപോർട്ട പറഞ്ഞു.