അർജന്റീന ടീമിനുണ്ടായ മാറ്റത്തിന് കാരണം ആരാണെന്ന് വ്യക്തമാക്കി ലയണൽ മെസ്സി

ലാ സ്‌കലോനേറ്റ.. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനിയുടെ യുഗത്തെ സ്നേഹപൂർവ്വം ആരാധകർ വിളിക്കുന്ന പേരാണിത്. തീർച്ചയായും അർജന്റൈൻ ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട പേരാണ് സ്‌കലോനിയുടേത്.

തകർന്നടിഞ്ഞ ഒരു ടീമിനെ പുനർ നിർമ്മിച്ചവനാണ് സ്‌കലോനി, ആ ടീമിനെ വെച്ച് ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് കിരീടം നേടിയവനാണ് സ്‌കലോനി, പല റെക്കോർഡുകളും തകർത്തുകൊണ്ട് അർജന്റീനയെ അപരാജിത കുതിപ്പുമായി മുന്നോട്ടു നയിക്കുന്നവനാണ് സ്‌കലോനി.

ആ സ്‌കലോനിയെ അർജന്റീനയുടെ നായകനായ ലയണൽ മെസ്സി പ്രശംസകൾ കൊണ്ട് മൂടിയിട്ടുണ്ട്. അർജന്റീനയിൽ ഉണ്ടായ മാറ്റങ്ങൾക്കെല്ലാം കാരണം സ്‌കലോനിയാണെന്നും ഇതെല്ലാം ആരംഭിച്ചത് അദ്ദേഹമാണ് എന്നുമാണ് മെസ്സി മനസ്സ് തുറന്നു കൊണ്ട് പറഞ്ഞിട്ടുള്ളത്. പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മെസ്സി.

‘ എല്ലാ താരങ്ങളോടും വളരെ അടുത്തിടപഴകുന്ന വ്യക്തിയാണ് സ്‌കലോനി. ടീമിനെ മികച്ചതാക്കാൻ വേണ്ടി അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുമായിരുന്നു. ഫുട്ബോളിനു വേണ്ടിയാണ് വർക്ക് ചെയ്യുന്നത് എന്നുള്ളത് അദ്ദേഹം തെളിയിച്ചു തന്നു.അദ്ദേഹം ചെയ്യുന്ന ജോലി അദ്ദേഹം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.ചില മത്സരങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ലഭിച്ചതെല്ലാം അദ്ദേഹം അർഹിക്കുന്നതാണ്. ഈ പ്രക്രിയ എല്ലാം അദ്ദേഹത്തിന്റെതാണ്. എല്ലാം ആരംഭിച്ചത് സ്‌കലോനിയാണ് ‘ മെസ്സി പറഞ്ഞു.

അർജന്റീനയിലെ ഈ വിപ്ലവത്തിന്റെ ക്രെഡിറ്റെല്ലാം ലയണൽ മെസ്സി തങ്ങളുടെ പ്രിയപ്പെട്ട പരിശീലകന് നൽകുകയാണ്. തീർച്ചയായും ഒരു കരുത്തുറ്റ ടീമിനെ വാർത്തെടുത്തത് സ്‌കലോനി തന്നെയാണ്. ആ ടീമിനെ കൂടുതൽ കരുത്തോടെ നയിക്കുന്നത് ലയണൽ മെസ്സിയും.

Rate this post
Lionel Messi