‘ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിക്ക് ഫ്രാൻസിൽ അർഹമായ ബഹുമാനം ലഭിച്ചില്ല’: കൈലിയൻ എംബാപ്പെ

പാരീസ് സെന്റ് ജെർമെയ്ൻ താരം കൈലിയൻ എംബാപ്പെ തനറെ സഹ താരമായിരുന്ന ലയണൽ മെസ്സി ക്ലബ് വിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞു.എംബാപ്പെ അർജന്റീന സൂപ്പർ താരത്തെ പ്രശംസിക്കുകയും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളെന്ന് വിളിക്കുകയും ചെയ്തു.

ലിയോ മെസ്സിക്ക് ക്ലബ്ബിൽ നിന്നും അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് എംബപ്പേ വെളിപ്പെടുത്തി. “അദ്ദേഹം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. മെസ്സിയെപ്പോലൊരാൾ പോയാൽ അതൊരു നല്ല വാർത്തയല്ല.അദ്ദേഹം പോയതിൽ ഇത്രയധികം ആളുകൾക്ക് ആശ്വാസം തോന്നിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഫ്രാൻസിൽ അദ്ദേഹത്തിന് അർഹമായ ബഹുമാനം ലഭിച്ചില്ല” എംബപ്പേ പറഞ്ഞു.

നേരത്തെ പിഎസ്ജിയുടെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ലിയോ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന് പറഞ്ഞ കിലിയൻ എംബാപ്പേ നിലവിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എന്നാണ് വിശേഷിപ്പിച്ചത്. ക്ലബ്ബിലെ അവസാന നാളുകൾ മെസ്സിക്ക് അത്ര മികച്ചയിരുന്നില്ല. പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം ആരാധകർ മെസ്സിക്കെതിരെ തിരിയുകയും ചെയ്തു.ഫൈനലിൽ ഫ്രാൻസിനെതിരായ വിജയത്തോടെ അർജന്റീനയെ ഫിഫ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് ശേഷം PSG അൾട്രാസും മെസ്സിക്കെതിരെ ആവുകയും ചെയ്തു. മത്സരത്തിൽ എംബാപ്പയെ കയ്യടിയോടെ ആരാധകർ സ്വീകരിക്കുമ്പോൾ മെസ്സിയെ കൂവലോടെയാണ് ആനയിച്ചത്.

പി‌എസ്‌ജി വിട്ടതിന് ശേഷം, സൗദി അറേബ്യയിലേക്കും ബാഴ്‌സലോണയിലേക്കും മെസ്സി മാറുമെന്ന് പറഞ്ഞിരുന്നുവെങ്കിലും എം‌എൽ‌എസിൽ ഇന്റർ മിയാമിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചു. താൻ ലൈംലൈറ്റിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നുവെന്നും മറ്റ് ക്ലബ്ബുകളുടെ താൽപ്പര്യങ്ങൾക്കിടയിലും യൂറോപ്പിലെ ബാഴ്‌സലോണയെ മാത്രമാണ് താൻ പരിഗണിക്കുന്നതെന്നും മെസ്സി പറഞ്ഞു.മെസ്സിയെ കൂടാതെ സെർജിയോ റാമോസും ഫ്രഞ്ച് ക്ലബിനോദ് വിട പറഞ്ഞു.2025 വരെ കരാറിലിരിക്കുന്ന നെയ്മറിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്, ബ്രസീലിയൻ താരവുമായി വേർപിരിയാൻ ക്ലബ് ആഗ്രഹിക്കുന്നു.

Rate this post