“അർജന്റീന വേൾഡ് കപ്പ് നേടുകയാണെങ്കിൽ അത് മെസ്സിയിലൂടെ ആയിരിക്കും”

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിനുള്ള യോഗ്യത ലയണൽ മെസ്സിയും അർജന്റീനയും ഉറപ്പിച്ചിട്ടുണ്ട്. വേൾഡ് കപ്പിൽ ഒരിക്കൽ കൂടി, എല്ലാ കണ്ണുകളും സൂപ്പർസ്റ്റാർ പ്ലേമേക്കറിലേക്ക് ആയിരിക്കും. 2022 ൽ മെസ്സിയുടെ സ്വപ്നമായ വേൾഡ് കപ്പ് നേടുമോ എന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നത്.ഈ ലോകകപ്പിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ചും ഇന്നത്തെ മത്സര ശേഷം മെസ്സി സൂചിപ്പിക്കുകയും ചെയ്തു.

ലയണൽ മെസ്സിയുടെ ടൂർണമെന്റിലെ സാധ്യതയെക്കുറിച്ച് മുൻ അർജന്റീന താരം ഹാവിയർ മഷറാനോ അഭിപ്രായവുമായി രംഗത്തെത്തി.2022 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ലയണൽ മെസ്സി ഒന്നും തെളിയിക്കേണ്ടതില്ലെന്ന് മഷറാനോ അഭിപ്രായപ്പെട്ടു.തന്റെ അവസാന ലോകകപ്പിന് മെസ്സി തയായറെടുക്കുമ്പോൾ വർഷങ്ങളായി ലിയോയുടെ അവിശ്വസനീയമായ നേട്ടങ്ങളെ മഷറാനോ പുകഴ്ത്തുകയും ചെയ്തു.

“ഇത് മെസ്സിയുടെ അവസാന ലോകകപ്പ് ആകുമോ എന്ന് ആർക്കറിയാം? അത് അവനായിരിക്കും തീരുമാനിക്കുക. മെസ്സി തന്റെ കരിയറിൽ ഉടനീളം അവിശ്വസനീയമായ കാര്യങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹം തന്നെത്തന്നെ ആരോടും താരതമ്യം ചെയ്യാൻ ശ്രമിക്കുന്നില്ല, അവൻ അവന്റെ വഴി പോകുന്നു” 37 കാരൻ മെസ്സിയെക്കുറിച്ച് പറഞ്ഞു.

“അർജന്റീനക്കാരെ സംബന്ധിച്ചിടത്തോളം മെസ്സി ഞങ്ങൾക്ക് വേണ്ടി കളിക്കാൻ കഴിയുന്നത് ഒരു പദവിയും ബഹുമതിയുമാണ്. എല്ലാറ്റിനുമുപരിയായി ഒരു സുരക്ഷയും. മെസ്സിക്ക് വേണ്ടി എല്ലാം ഏറ്റവും മികച്ച രീതിയിൽ പോകുന്നു, അദ്ദേഹത്തിന് കിരീടമണിയാൻ കഴിയും, അതാണ് എല്ലാ അർജന്റീനക്കാരും ആഗ്രഹിക്കുന്നത്. മെസ്സിക്ക് എന്തെങ്കിലും തെളിയിക്കേണ്ട ആവശ്യമില്ല.അര്ജന്റീന വേൾഡ് കപ്പ് നേടുകയാണെങ്കിൽ അത് മെസ്സിയിലൂടെ ആയിരിക്കും” മഷറാനോ കൂട്ടിച്ചേർത്തു.

കോപ്പ അമേരിക്ക ട്രോഫി സ്വന്തമാക്കാൻ അർജന്റീനയെ നയിച്ച ലയണൽ മെസ്സി ഒടുവിൽ അന്താരാഷ്ട്ര വേദിയിലെ തന്റെ നിരാശ അവസാനിപ്പിച്ചു. ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടി – അതോടൊപ്പം ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടും ചെയ്തു. നിലവിൽ അര്ജന്റീന മികച്ച ഫോമിലാണ് ,വെനസ്വേലക്കെതിരെ നേടിയ ജയത്തോടെ 30 മത്സരങ്ങളുടെ അപരാജിത റണ്ണിലാണ്.അവർ രണ്ടു വർഷമായി പരാജയം എന്താണെന്നു അറിഞ്ഞിട്ടില്ല.ഈ ഫോം തുടർന്നാൽ അടുത്ത വർഷം ലോകകപ്പിൽ ചരിത്രം സൃഷ്ടിക്കാൻ അവർക്ക് മാന്യമായ അവസരമുണ്ട് എന്നതിൽ സംശയമില്ല.

5/5 - (1 vote)