ഒന്നില്ലെങ്കിലും വലിയ സാലറിയൊക്കെ നൽകുന്ന ക്ലബ്ബല്ലേ, ആ ബഹുമാനമെങ്കിലും കാണിച്ചുടെ : ലയണൽ മെസ്സിയെ വിടാതെ പിന്തുടർന്ന്  റോത്തൻ

ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയെ പിഎസ്ജി വലിയ സാലറി നൽകിക്കൊണ്ട് ടീമിൽ എത്തിച്ചതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്നുള്ളത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ്.പിഎസ്ജിക്ക് അവരുടെ ഫുട്ബോൾ ചരിത്രത്തിൽ കിട്ടാക്കനിയായി തുടരുന്നത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്.ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും സെർജിയോ റാമോസുമൊക്കെ ഉള്ളതുകൊണ്ട് ഇത്തവണയെങ്കിലും അതിന് വിരാമം ഉണ്ടാവുമെന്ന് ക്ലബ്ബ് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി കൊണ്ട് തന്നെയാണ് ഇത്തവണയും സംഭവിച്ചിട്ടുള്ളത്.ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജി പുറത്തായി.രണ്ട് ലെഗ്ഗുകളിലുമായി മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ടാണ് പിഎസ്ജി പുറത്തായത്.ലയണൽ മെസ്സിക്ക് ഒരിക്കൽ കൂടി ബയേണിനെതിരെ മികവ് പുറത്തെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു.അതോടെ വിമർശനങ്ങൾ ഇരട്ടിയായി.

ലയണൽ മെസ്സിയുടെ ഏറ്റവും പ്രധാനപ്പെട്ട വിമർശകനാണ് ജെറോം റോതൻ.മെസ്സി മികവിലേക്ക് ഉയരാത്ത ദിവസങ്ങളിലെല്ലാം തന്നെ ഇദ്ദേഹം മെസ്സിയെ വിമർശിക്കാൻ സമയം കണ്ടെത്താറുണ്ട്.ഒരിക്കൽ കൂടി മെസ്സിക്ക് മുൻ പിഎസ്ജി താരം കൂടിയായ റോതനിൽ നിന്നെ വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.മെസ്സിക്ക് ക്ലബ്ബിനോട് യാതൊരുവിധ ബഹുമാനവുമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

‘അർജന്റീന നാഷണൽ ടീമിൽ എന്ത് സംഭവിക്കുന്നു എന്നുള്ളതൊന്നും ഞാൻ മൈൻഡ് ചെയ്യുന്നില്ല.അത് വ്യത്യസ്തമായ കാര്യമാണ്.എനിക്ക് പറയാനുള്ളത് പിഎസ്ജിയിലെ കാര്യമാണ്.തലസ്ഥാനത്തുള്ള ഈ ക്ലബ്ബിനെ കുറച്ചെങ്കിലും മെസ്സി ബഹുമാനിക്കേണ്ടതുണ്ട്.നിങ്ങളെ നിലനിർത്തുന്നതും നിങ്ങൾക്ക് സാലറി നൽകുന്നതും ഈ ക്ലബ്ബാണ് എന്നുള്ളത് മറക്കരുത്.പിഎസ്ജി മെസ്സിക്ക് വേണ്ടതെല്ലാം നൽകുന്നുണ്ട്.പിഎസ്ജി തളർന്നപ്പോൾ ലയണൽ മെസ്സി രക്ഷിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.എന്നാൽ ചാമ്പ്യൻസ് ലീഗിൽ മെസ്സി ഒന്നും ചെയ്തില്ല.കഴിഞ്ഞ വർഷവും ഇതുതന്നെയാണ് സംഭവിച്ചത്.റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടപ്പോൾ എല്ലാവരും ഗോൾകീപ്പറെ കുറ്റപ്പെടുത്തുന്ന തിരക്കിലായിരുന്നു.പക്ഷേ മെസ്സി എന്താണ് ചെയ്തത് എന്ന് അന്വേഷിച്ചു നോക്കൂ ‘റോത്തൻ പറഞ്ഞു.

ലയണൽ മെസ്സി നിലവിൽ ക്ലബ്ബിൽ ഹാപ്പിയല്ലെന്നും സംതൃപ്തൻ അല്ലെന്നും പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കരാർ പൂർത്തിയായതിനുശേഷം മെസ്സി പാരീസ് വിടാൻ സാധ്യതയുണ്ട്.അത്തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യമാണ്.

5/5 - (1 vote)