പി എസ് ജിയുമായി കരാർ പുതുക്കുന്ന കാര്യത്തിൽ ലയണൽ മെസ്സിക്ക് എതിർപ്പില്ലെന്ന് സൂചന..

ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക. നിലവിൽ തകർപ്പൻ ഫോമിലാണ് മെസ്സി കളിക്കുന്നത്. അതുകൊണ്ടുതന്നെ മെസ്സിയുടെ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട് എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ ഒരു കാര്യമാണ്.

ഇതിനുള്ള നീക്കങ്ങൾ നേരത്തെ തന്നെ പിഎസ്ജി ആരംഭിച്ചിരുന്നു. എന്നാൽ ലയണൽ മെസ്സി തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്.അതായത് ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം മാത്രമായിരിക്കും കരാറിനെ കുറിച്ച് മെസ്സി ചിന്തിക്കുക. നിലവിൽ വേൾഡ് കപ്പിൽ മാത്രമാണ് മെസ്സിയുടെ ശ്രദ്ധയുള്ളത്.

എന്നാൽ പിഎസ്ജിയും അവരുടെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസും അടങ്ങിയിരിക്കാൻ ഒരുക്കമല്ല. എഫ്സി ബാഴ്സലോണയുടെയും എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയുടെയും വെല്ലുവിളി ഉള്ളതിനാൽ എത്രയും പെട്ടെന്ന് കരാറിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താനാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ പിഎസ്ജി നീക്കങ്ങൾ വേഗത്തിലാക്കി എന്നാണ് പ്രശസ്ത ഫ്രഞ്ച് മീഡിയയായ ലെ പാരീസിയൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ കരാർ ആകെ ഒരു മൂന്നുവർഷത്തേക്ക് കൂടി പുതുക്കാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. 2025 വരെ മെസ്സി പിഎസ്ജി ജേഴ്സിയിൽ തുടരാൻ ക്ലബ്ബ് ആഗ്രഹിക്കുന്നുണ്ട്.അതേസമയം ലയണൽ മെസ്സിക്ക് ക്ലബ്ബുമായി കരാർ പുതുക്കുന്നതിൽ എതിർപ്പില്ല എന്നുള്ള റിപ്പോർട്ടുകളും സജീവമാണ്. പക്ഷേ തീരുമാനം ഒന്നും തന്നെ കൈകൊണ്ടിട്ടില്ല.അടുത്ത വർഷം ജനുവരി- ഫെബ്രുവരി മാസത്തിലായിരിക്കും ഈ വിഷയത്തിൽ മെസ്സി തീരുമാനം കൈക്കൊള്ളുക.

മൂന്നുവർഷത്തെ കരാറാണ് പിഎസ്ജി ഓഫർ ചെയ്യാനിരിക്കുന്നതെങ്കിലും സാലറിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനങ്ങൾ ഒന്നും തന്നെ ആയിട്ടില്ല.41 മില്യൺ യുറോ മെസ്സിക്ക് സാലറിയായി ഓഫർ ചെയ്തേക്കും എന്നുള്ള റൂമറുകൾ ഉണ്ടെങ്കിലും പിഎസ്ജി ഈ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല.എന്നിരുന്നാലും മെസ്സിയെ വിട്ടുകൊടുക്കാൻ ഒരു കാരണവശാലും ക്ലബ്ബ് ഒരുക്കമല്ല എന്നുള്ളത് തന്നെയാണ് ഇപ്പോൾ വ്യക്തമാവുന്നത്.

Rate this post