ബാറ്റിസ്റ്റ്യൂട്ടയെ പിന്നിലാക്കി,ഗോളടിയുടെ കാര്യത്തിൽ മറ്റൊരു റെക്കോർഡ് കൂടി കരസ്ഥമാക്കി മെസ്സി|Lionel Messi

ലയണൽ മെസ്സി ഒരിക്കൽ കൂടി രക്ഷകവേഷമണിയുന്ന കാഴ്ചയാണ് കഴിഞ്ഞ വേൾഡ് കപ്പ് മത്സരത്തിൽ മെക്സിക്കോക്കെതിരെ ലോക ഫുട്ബോളിന് കാണാൻ സാധിച്ചിട്ടുള്ളത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മെക്സിക്കോയെ പരാജയപ്പെടുത്തി അർജന്റീന പ്രീ ക്വാർട്ടർ സാധ്യതകൾ സജീവമാക്കുമ്പോൾ കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത് മെസ്സി തന്നെയായിരുന്നു. മെസ്സിയുടെ ഗോളാണ് അർജന്റീനയെ സംബന്ധിച്ചിടത്തോളം മത്സരത്തിൽ വഴിത്തിരിവായത്.

ഈ വേൾഡ് കപ്പിൽ മെസ്സി നേടുന്ന രണ്ടാമത്തെ ഗോളായിരുന്നു മെക്സിക്കോക്കെതിരെ പിറന്നത്. അതിനുപുറമേ ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. വേൾഡ് കപ്പ് ചരിത്രത്തിൽ ആകെ 8 ഗോളുകൾ പൂർത്തിയാക്കിക്കൊണ്ട് ഇതിഹാസമായ ഡിയഗോ മറഡോണക്കൊപ്പം എത്താൻ മെസ്സിക്ക് സാധിച്ചു. 10 ഗോളുകൾ നേടിയിട്ടുള്ള ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണ് ഒന്നാം സ്ഥാനത്തുള്ളത്.

അതേസമയം ഗോളടിയുടെ കാര്യത്തിൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ ഒരു റെക്കോർഡ് ഇപ്പോൾ മെസ്സി മറികടന്നിട്ടുണ്ട്. അതായത് ഈ കലണ്ടർ വർഷത്തിൽ 13 ഗോളുകളാണ് അർജന്റീനക്ക് വേണ്ടി മെസ്സി നേടിയിട്ടുള്ളത്.ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന അർജന്റൈൻ താരം എന്ന റെക്കോർഡ് ആണ് ഇപ്പോൾ മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.

12 ഗോളുകളായിരുന്നു ഒരു കലണ്ടർ വർഷത്തിൽ ബാറ്റിസ്റ്റ്യൂട്ട അർജന്റീനക്ക് വേണ്ടി നേടിയിരുന്നത്.2012 ൽ 12 ഗോളുകൾ നേടിക്കൊണ്ട് മെസ്സി ഈ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. ഇപ്പോൾ മെസ്സി ഈ റെക്കോർഡ് സ്വന്തം പേരിലേക്ക് മാത്രമാക്കി മാറ്റുകയായിരുന്നു. ഈ വേൾഡ് കപ്പിൽ ഇനിയും ഗോളുകൾ നേടാനായാൽ മെസ്സിക്ക് ഈ 13 ഗോളുകൾ എന്ന കണക്ക് വർദ്ധിപ്പിക്കാൻ സാധിച്ചേക്കും.

ഇനി അർജന്റീനയുടെ അടുത്ത മത്സരം പോളണ്ടിനെതിരെയാണ്. വിജയിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ പ്രീ ക്വാർട്ടർ പ്രവേശനം അർജന്റീനക്ക് സാധ്യമാവും. അതേസമയം സമനിലയായാലും അർജന്റീനക്ക് സാധ്യതകൾ അവശേഷിക്കുന്നുണ്ട്. എന്നാൽ പരാജയപ്പെട്ടാൽ വേൾഡ് കപ്പിൽ നിന്നും അർജന്റീന പുറത്തു പോകേണ്ടിവരും. മികച്ച പ്രകടനം അർജന്റീന പോളണ്ടിനെതിരെയും നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Rate this post
ArgentinaFIFA world cupLionel MessiQatar2022