ലയണൽ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവുന്നതിന്റെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് റൂഡ് ഗുള്ളിറ്റ്

ലോകത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് ലയണൽ മെസ്സിയെ കണക്കാക്കുന്ന നിരവധി പേരുണ്ട്. ആരാധകർക്ക് പുറമേ ഇതിഹാസതാരങ്ങളും പരിശീലകരും നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളുമൊക്കെ ലയണൽ മെസ്സിയെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി വിശേഷിപ്പിക്കാറുണ്ട്. മാത്രമല്ല ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെ മികച്ച താരമായി കൊണ്ട് മെസ്സിയെ വിശേഷിപ്പിക്കുന്നവരും ഒരുപാട് പേരുണ്ട്.

അത്തരത്തിലുള്ള ഒരാളാണ് ഡച്ച് ഇതിഹാസമായ റൂഡ് ഗുള്ളിറ്റ്.ഗുള്ളിറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി തന്നെയാണ്.മെസ്സിയുടെ നേട്ടങ്ങളാണ് ഇതിന് കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.അർജന്റീനക്കൊപ്പം കിരീടങ്ങൾ നേടിയതോടുകൂടിയാണ് റൂഡ് ഗുള്ളിറ്റ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് മെസ്സിയെ കണക്കാക്കാൻ ആരംഭിച്ചത്.

‘ ലയണൽ മെസ്സി ക്ലബ്ബ് തലത്തിൽ എല്ലാം സ്വന്തമാക്കിയ താരമാണ്. മാത്രമല്ല ഇപ്പോൾ അദ്ദേഹം തന്റെ രാജ്യത്തോടൊപ്പം രണ്ട് കിരീടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 7 ഗോൾഡൻ ബോളുകൾ കരസ്ഥമാക്കിയിട്ടുള്ള താരമാണ് മെസ്സി. വ്യത്യസ്ത ലീഗുകളിൽ കിരീടങ്ങളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ലയണൽ മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ” ഇതാണ് റൂഡ് ഗുള്ളിറ്റ് പറഞ്ഞിട്ടുള്ളത്.

ഏഴ് തവണ ബാലൺ ഡിയോർ പുരസ്കാരം നേടിയ ലയണൽ മെസ്സി തന്നെയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള താരം. അഞ്ച് തവണ നേടിയിട്ടുള്ള റൊണാൾഡോയാണ് രണ്ടാംസ്ഥാനത്ത്. പക്ഷേ ഇനി ഇക്കാര്യത്തിൽ മെസ്സിയെ മറികടക്കൽ റൊണാൾഡോക്ക് അസാധ്യമാണ് എന്ന് പറയേണ്ടിവരും. മാത്രമല്ല മെസ്സിയുടെ ഈ 7 ബാലൺ ഡിയോർ പുരസ്കാരങ്ങൾ എന്ന റെക്കോർഡ് ഈയടുത്ത കാലത്തൊന്നും തകരാനും പോകുന്നില്ല.

മെസ്സിയുടെ ഷെൽഫിൽ നിന്നും ഇപ്പോൾ അകന്നു നിൽക്കുന്നത് വേൾഡ് കപ്പ് കിരീടം മാത്രമാണ്.ഖത്തറിൽ അത് അർജന്റീനക്കൊപ്പം നേടാൻ മെസ്സിക്ക് കഴിയുമോ എന്നുള്ളത് ആരാധകർ ഏറെ ആവേശത്തോടെ നോക്കുന്ന കാര്യം കൂടിയാണ്.

Rate this post
Lionel Messi