ലയണൽ മെസ്സിക്ക് പരിക്ക്, ബയേൺ മ്യുണിക്കിനെതിരെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സാധ്യതയില്ല

ചാമ്പ്യൻസ് ലീഗ് കിരീടമെന്നത് പിഎസ്‌ജിയെ സംബന്ധിച്ച് വലിയൊരു ലക്ഷ്യമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി അവർ ടീമിൽ കൊണ്ട് വരുന്ന മാറ്റങ്ങളെല്ലാം യൂറോപ്പിലെ ജേതാക്കളായി മാറുന്നതിനു വേണ്ടിയാണ്. എന്നാൽ ഇതുവരെയും ആ ലക്‌ഷ്യം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. 2020ൽ ഫൈനലിൽ എത്തിയെങ്കിലും ബയേൺ മ്യൂണിക്കിനോട് തോറ്റ് പിഎസ്‌ജിക്ക് കിരീടം നഷ്‌ടമായി.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ അതെ ബയേൺ മ്യൂണിക്ക് വീണ്ടും വന്നു നിൽക്കുമ്പോൾ വലിയ പ്രതിസന്ധിയാണ് പിഎസ്‌ജി അഭിമുഖീകരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ പരിക്കേറ്റ എംബാപ്പെ കളിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അതിനു പുറമെ ടീമിലെ മറ്റൊരു സൂപ്പർതാരമായ മെസിക്കും മത്സരം നഷ്‌ടമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പിഎസ്‌ജി തോൽവിയേറ്റു വാങ്ങി പുറത്തായ മാഴ്‌സക്കെതിരായ ഫ്രഞ്ച് കപ്പ് മത്സരത്തിൽ മെസി മുഴുവൻ സമയവും കളിച്ചിരുന്നു. അതിനു പിന്നാലെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ പിറ്റേ ദിവസം മെസി പിഎസ്‌ജി ട്രീറ്റ്‌മെന്റ് റൂമിൽ എത്തിയെന്നും ഹാംസ്ട്രിങ് ഇഞ്ചുറി മൂലം താരത്തിന് ഇനിയുള്ള ഏതാനും മത്സരങ്ങൾ നഷ്‌ടമാകുമെന്നും എൽ എക്വിപ്പെ പറയുന്നു.

മൊണോക്കോക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ മെസിയുണ്ടാകില്ലെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. അതേസമയം മെസി, എംബാപ്പെ എന്നിവരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി തയ്യാറെടുപ്പിക്കാൻ പിഎസ്‌ജി കഠിനമായി ശ്രമിക്കുന്നുണ്ട്. ഇവർ രണ്ടു പേരും മത്സരത്തിൽ കളിച്ചില്ലെങ്കിൽ ടീമിനെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം ബ്രസീലിയൻ താരമായ നെയ്‌മറുടെ ചുമലിലായിരിക്കും.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായ പിഎസ്‌ജിക്ക് ഇത്തവണയും അതാവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ അടുത്ത ഘട്ടത്തിലെക്ക് മുന്നേറാൻ തന്നെയാകും അവർ ശ്രമിക്കുക. എന്നാൽ ബയേൺ പോലെയൊരു ടീമിനെതിരെ ഈ രണ്ടു താരങ്ങളുടെ അഭാവത്തിൽ അതിനു കഴിയുമോയെന്ന് കണ്ടറിയേണ്ടതാണ്.

Rate this post