മെസിയല്ല, തന്റെ പദ്ധതികൾക്കായി സാവിക്ക് വേണ്ടത് മറ്റൊരു അർജന്റീന താരത്തെ

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ കുറച്ചു കാലമായി ഫുട്ബോൾ ലോകത്ത് സജീവമാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ പിഎസ്‌ജി ആരാധകർ എതിരായതോടെയാണ് ക്ലബിൽ തുടരാനുള്ള താൽപര്യം മെസിക്ക് ഇല്ലാതായത്. തന്റെ മുൻ ക്ലബായ ബാഴ്‌സയിലേക്ക് തിരിച്ചു പോകാനാണ് ലയണൽ മെസി ആഗ്രഹിക്കുന്നത്.

ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണു ക്ലബിന്റെ വൈസ് പ്രസിഡന്റ് റാഫ യുസ്‌റ്റെ, പരിശീലകനായ സാവി എന്നിവർ പറഞ്ഞത്. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ സ്‌പോൺസർഷിപ്പ് ഡീലുകളിലൂടെ അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തി മെസിയെ സ്വന്തമാക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.

അതേസമയം മെസിയെക്കാൾ സാവിയുടെ ലക്‌ഷ്യം മറ്റൊരു അർജന്റീന താരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാ ലിഗയിൽ തന്നെ വിയ്യാറയലിനു വേണ്ടി കളിക്കുന്ന അർജന്റീന യുവതാരമായ യുവാൻ ഫോയ്ത്തിനെയാണ് സാവി നോട്ടമിടുന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിൽ ഭാഗമായിരുന്ന താരം ക്ലബിന് വേണ്ടിയും മികച്ച ഫോമിലാണ് കളിക്കുന്നത്.

ഒരു പ്രോപ്പർ റൈറ്റ് ബാക്കില്ലാത്തതിന്റെ അഭാവം പരിഹരിക്കുന്നതിനു വേണ്ടിയാണ് സാവി ഫോയത്തിനെ ലക്ഷ്യമിടുന്നത്. നിലവിൽ റൈറ്റ് ബാക്കുകളായി കളിക്കുന്ന അരഹോ, കൂണ്ടെ എന്നിവർ സെന്റർ ബാക്കുകളും സെർജി റോബർട്ടോ മധ്യനിര താരവുമാണ്. ഇവരെ ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിച്ച് അതിനു പകരം ഫോയ്ത്തിനെ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണ് സാവി അവലംബിക്കുന്നത്.

എന്നാൽ ഫോയ്ത്തിനെ സ്വന്തമാക്കുക സാവിയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. താരത്തിന്റെ റിലീസിംഗ് ക്ലോസായ അറുപതു മില്യൺ യൂറോ നൽകണമെന്ന വിയ്യാറയലിന്റെ ആവശ്യം ബാഴ്‌സയ്ക്ക് സ്വീകാര്യമാവില്ല. വിയ്യാറയൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ താരത്തെ വിട്ടുകൊടുക്കാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.

5/5 - (1 vote)