ടോപ് ടെൻ രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ, മെസ്സി തന്നെ നമ്പർ വൺ

കഴിഞ്ഞ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളിലും അർജന്റീനക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. രണ്ട് മത്സരങ്ങളിലും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു.ഇതോടുകൂടി മെസ്സി അർജന്റീനക്ക് വേണ്ടി 90 ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തു.

മാത്രമല്ല ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരം എന്ന റെക്കോർഡ് ഇപ്പോൾ മെസ്സിയുടെ പേരിലാണ്. എന്നാൽ പലപ്പോഴും വിമർശകർ മെസ്സിക്കെതിരെ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരു വിമർശനമുണ്ട്. പൊതുവേ ദുർബലരായ രാജ്യങ്ങൾക്കെതിരെയാണ് മെസ്സി ഗോളുകൾ നേടുന്നത് എന്നായിരുന്നു ആരോപണം. എന്നാൽ ഇതിനുള്ള മറുപടി ഇപ്പോൾ ചില കണക്കുകൾ തന്നെ നൽകുന്നുണ്ട്.

അതായത് 2000 ത്തിന് ശേഷം ടോപ് ടെൻ രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം മെസ്സി തന്നെയാണ്. 2000 മുതൽ മെസ്സി ഇതുവരെ 16 ഗോളുകളാണ് ടോപ് ടെൻ രാജ്യങ്ങൾക്കെതിരെ നേടിയിട്ടുള്ളത്.മറ്റാർക്കും ഇത്രയധികം ഗോളുകൾ ഈ കാലയളവിൽ നേടാൻ കഴിഞ്ഞിട്ടില്ല.

14 ഗോളുകൾ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്തുള്ളത്. 13 ഗോളുകൾ ഉള്ള തോമസ് മുള്ളർ മൂന്നാം സ്ഥാനത്തും 12 ഗോളുകൾ ഉള്ള സ്ലാട്ടൻ നാലാം സ്ഥാനത്തുമാണ്.അലക്സിസ് സാഞ്ചസ് (12) വാർഗാസ് (11) നെയ്മർ (10) കവാനി (10) ഗ്രീസ്മാൻ (9) സുവാരസ് (9) എന്നിവരാണ് തൊട്ടു പിറകിൽ വരുന്നത്.

ചുരുക്കത്തിൽ ലയണൽ മെസ്സിക്ക് എതിരാളികൾ ആരാണെന്നോ മത്സരം എവിടെയാണ് എന്നുള്ളതോ ഒരു വിഷയമല്ല.അതൊരുപാട് തവണ മെസ്സി തെളിയിച്ചതുമാണ്.അതിലേക്കുള്ള പുതിയ ഒരു ഉദാഹരണം മാത്രമാണ് ഈ കണക്കുകൾ.

Rate this post