പിഎസ്ജിയിൽ എനിക്കും മെസ്സിക്കും നരകമായിരുന്നു; തുറന്നടിച്ച് നെയ്മർ

മുൻ ക്ലബ്ബ് പാരിസ് സൈന്റ് ജർമനെതിരെ തുറന്നടിച്ച് സൂപ്പർ താരം നെയ്മർ. മെസ്സിയുടെയും തന്റെയും പാരീസ് കാലത്തെ പറ്റി പറഞ്ഞ നെയ്മർ പി എസ് ജി തനിക്കും മെസ്സിക്കും ഒരു നരകമായിരുന്നുവെന്നും ആ നരകത്തിലാണ് നമ്മൾ ജീവിച്ചതെന്നും നെയ്മർ തുറന്നടിച്ചു.

മെസ്സിക്കൊപ്പമുള്ള കാലം സന്തോഷകരമായിരുന്നു. എന്നാൽ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളെന്ന പോലെ മെസ്സിക്കും തനിക്കും മോശം സമയമായിരുന്നു പി എസ് ജിലെതെന്ന് നെയ്മർ പറഞ്ഞു. അർജന്റീന മെസ്സിയെ സംബന്ധിച്ച് സ്വർഗ്ഗമായിരുന്നു. എന്നാൽ പാരിസ് നരകവുമാണെന്നാണ് നെയ്മറുടെ വാക്കുകൾ.

കഴിഞ്ഞ സീസണോടെ പാരിസ് വിട്ട് ഇരുവരും ഇൻസ്റ്റാഗ്രാമിൽ പി എസ് ജിയെ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. ഇരുവർക്കും പി എസ് ജി യിൽ അത്ര നല്ല കാലമല്ലായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും അൺഫോളോയിങ്.

പി എസ് ജി ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങൾ ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. കൂടാതെ മെസ്സിയെ സൗദി സന്ദർശനം നടത്തിയതിന് പി എസ് ജി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ നെയ്മർ തന്നെ പി എസ് ജിയിൽ തങ്ങൾക്ക് നരകതുല്യമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.