വീണ്ടും ചരിത്ര നേട്ടം കുറിച്ച് ലയണൽ മെസ്സി, ടോപ്പ് ഫൈവ് ലീഗുകളിൽ 700 ഗോളുകൾ എന്ന നാഴിക കല്ലും പിന്നിട്ടു

കേവലം ഒരു ഗോൾ മാത്രം അകലെയായിരുന്നു ഇന്നലത്തെ മത്സരത്തിനു മുന്നേ മെസ്സിയുടെ ഒരു ചരിത്ര നേട്ടം.ഫ്രഞ്ച് ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഴ്സെക്കെതിരെ ഒരു ഗോൾ നേടിക്കൊണ്ട് ഈ ചരിത്ര നേട്ടം തന്റെ പേരിലാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ക്ലബ്ബുകൾക്ക് വേണ്ടി 700 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തമാക്കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ 700 ഗോളുകൾ പൂർത്തിയാക്കിയപ്പോൾ അതിൽ അഞ്ച് ഗോളുകൾ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ്ങിനു വേണ്ടി ഉള്ളതായിരുന്നു. അവർ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് ക്ലബ്ബല്ല.

ഇന്നലത്തെ മത്സരത്തിൽ മാസ്മരിക പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുത്തത്.ഒരു ഗോളും രണ്ട് അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കി.ഈ സീസണിൽ ആകെ 17 ഗോളുകൾ പിഎസ്ജിക്ക് വേണ്ടി നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല ആകെ 16 അസിസ്റ്റുകളും മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.മിന്നും ഫോമിലാണ് മെസ്സി കളിക്കുന്നത് എന്നുള്ളതിന്റെ തെളിവുകളാണ് ഇവയെല്ലാം.

840 ക്ലബ്ബ് മത്സരങ്ങളിൽ നിന്നാണ് മെസ്സി 700 ക്ലബ്ബ് ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ 700 ക്ലബ്ബ് ഗോളുകൾ പൂർത്തിയാക്കിയത് 943ആം മത്സരത്തിലായിരുന്നു.മെസ്സിയുടെ ഈ 700 ക്ലബ്ബ് ഗോളുകളുടെ വിശദവിവരങ്ങൾ നമുക്ക് നോക്കാം.489 ഗോളുകൾ പെനാൽറ്റി ബോക്സിന്റെ അകത്തു വച്ചുകൊണ്ടാണ് മെസ്സി നേടിയിട്ടുള്ളത്.പെനാൽറ്റി ബോക്സിന്റെ പുറത്തുനിന്നും 75 തവണ മെസ്സി ഗോളുകൾ നേടിയിട്ടുണ്ട്.കൂടെ 52 ഫ്രീകിക്ക് ഗോളുകളും 84 പെനാൽറ്റി ഗോളുകളും ലയണൽ മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്.

ഇടതുകാലുകൊണ്ട് 581 ഗോളുകൾ ആണ് മെസ്സി ആകെ നേടിയിട്ടുള്ളത്. വലതു കാലുകൊണ്ട് മെസ്സി 92 ഗോളുകൾ നേടി.24 ഹെഡർ ഗോളുകളും മറ്റുള്ള ശരീര ഭാഗങ്ങൾ കൊണ്ട് 3 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്.48 ഹാട്രിക്കുകളാണ് മെസ്സി ക്ലബ്ബുകൾക്ക് വേണ്ടി പൂർത്തിയാക്കിയിട്ടുള്ളത്.190 മത്സരങ്ങളിൽ ഇരട്ട ഗോളുകൾ നേടി.ആകെ 453 മത്സരങ്ങളിലാണ് മെസ്സി സ്കോർ ചെയ്തിട്ടുള്ളത്.ഇതൊക്കെയാണ് ലയണൽ മെസ്സിയുടെ 700 ക്ലബ്ബ് ഗോളുകളുടെ വിശേഷങ്ങൾ.

എഫ്സി ബാഴ്സലോണക്ക് വേണ്ടി ആകെ 672 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. പിഎസ്ജിക്ക് വേണ്ടി മെസ്സി ആകെ 28 ഗോളുകളും നേടി കഴിഞ്ഞു.മാത്രമല്ല ഇതോടുകൂടി സീനിയർ കരിയറിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 798 ഗോളുകൾ മെസ്സി പൂർത്തിയാക്കിയിട്ടുണ്ട്.രണ്ട് ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ 800 എന്ന മാന്ത്രിക സംഖ്യയും മെസ്സിയെ തേടിയെത്തും.

Rate this post