“ബെർണബ്യൂവിൽ ലയണൽ മെസ്സിയുടെ ഗോളുകൾക്കായി കാത്തിരുന്ന് ആരാധകർ “
ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരമാണ് റയൽ മാഡ്രിഡും പാരീസ് സെന്റ് ജെർമെയ്നും തമ്മിലുള്ള ഏറ്റുമുട്ടൽ.ലോസ് ബ്ലാങ്കോസിന്റെ ട്രാൻസ്ഫർ ടാർഗെറ്റ് കൈലിയൻ എംബാപ്പെ നേടിയ ഗോളിൽ ആദ്യ പാദത്തിൽ പാരീസ് ക്ലബ് വിജയം നേടിയിരുന്നു.13 തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളെ അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തി ക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മൗറീഷ്യോ പോച്ചെറ്റിനോയുടെ പിഎസ്ജി.
എന്നാൽ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ മാഡ്രിഡ് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.ലോസ് ബ്ലാങ്കോസ് അവരുടെ രണ്ട് പ്രധാന കളിക്കാർ – കാസെമിറോയും ഫെർലാൻഡ് മെൻഡിയും ഇല്ലാതെയാണ് ഇന്നിറങ്ങുന്നത്. കൂടാതെ നിസാര പരുക്ക് പറ്റിയ ടോണി ക്രൂസിന്റെ ലഭ്യത ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.ബാഴ്‌സലോണ വിട്ടതിന് ശേഷം ആദ്യമായി ബെർണബ്യൂവിൽ തിരിച്ചെത്തുന്ന അർജന്റീന താരം ലയണൽ മെസ്സിക്ക് ഇന്നത്തെ പോരാട്ടം വളരെ നിർണായകമാകും. റയൽ മാഡ്രിഡിനെതിരെ മികച്ച റെക്കോർഡുള്ള ലയണൽ മെസ്സിക്ക് അത് തുടരാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബെർണബ്യൂവിൽ 19 മത്സരങ്ങൾ കളിച്ച മെസ്സി 10 തവണ വിജയിക്കുകയും മൂന്ന് തവണ സമനില നേടുകയും ആറ് തവണ തോൽക്കുകയും ചെയ്തു, എട്ട് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും 15 ഗോളുകൾ നേടുകയും ചെയ്തു. ഒരു ഹാട്രിക്കും തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ ഗോളും നേടിയിട്ടുണ്ട്.മെസ്സിയിൽ നിന്ന് അത്തരത്തിലുള്ള മറ്റൊരു “അസാധാരണ പ്രകടനത്തിനായി” കാത്തിരിക്കുകയാണ് പിഎസ്ജി ആരാധകർ.പാരീസിൽ മെസ്സി എത്രമാത്രം വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നമ്മൾ കണ്ടിരുന്നു . ഈ മത്സരത്തിനായിരിക്കും മെസ്സി കാത്തിരിക്കുന്നത്. ബെർണബ്യൂവിൽ മികച്ച റെക്കോർഡുള്ള മെസ്സിക്ക് ഒപ്പം കുറച്ച് നല്ല ഓർമ്മകളും നേട്ടങ്ങളുമുണ്ട് . കാസെമിറോ ഇല്ലാതെ, മെസിയുടെ അസാധാരണ പ്രകടനത്തിനായി ഏവരും കാത്തിരിക്കുകയാണ്.
ലയണൽ മെസ്സി ഇപ്പോഴും റയൽ മാഡ്രിഡിന്റെ ഏറ്റവും അപകടകാരിയും ഭയപ്പെടുത്തുന്നതുമായ കളിക്കാരിൽ ഒരാളാണ്, കാരണം ലാ ലിഗയിൽ നേരിട്ട 29 മത്സരങ്ങളിൽ 14 മത്സരങ്ങളും 18 ഗോളുകളും 9 അസിസ്റ്റുകളും നേടിയിട്ടുണ്ട്. യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ മത്സരങ്ങളിലൊന്നായ “എൽക്ലാസിക്കോ പോരാട്ടങ്ങളിൽ മെസ്സിയുടെ പ്രകടനം ബാഴ്സക്ക് എന്നും മുൻതൂക്കം നൽകിയിട്ടുണ്ട്. ലയണൽ മെസ്സി റയൽ മാഡ്രിഡിനെതിരെ രണ്ട് ഹാട്രിക്കുകൾ നേടിയിട്ടുണ്ട്.
2006-2007 സീസണിൽ ആണ് ആദ്യ ഹാട്രിക് നേടിയത്.രണ്ടാമത്തേത് ബാഴ്‌സലോണയ്‌ക്കായി എൽക്ലാസിക്കോയിൽ 4-3 വിജയം നേടിയപ്പോൾ ആണ്. എന്നിരുന്നാലും, മാഡ്രിഡുമായുള്ള തന്റെ അവസാന 6 മീറ്റിംഗുകളിൽ അർജന്റീന സൂപ്പർ താരത്തിന് ഒരു ഗോൾ പോലും നേടാനായില്ല.റയൽ മാഡ്രിഡിനെതിരെ 46 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ ലയണൽ മെസ്സി നേടിയിട്ടുണ്ട്, അതോടൊപ്പം 14 അസിസ്റ്റുകളും ഉണ്ട് .റയലിനെതിരെ ഗോളടിക്കുന്നതോടൊപ്പം ഗോൾവസരം ഒരുക്കുന്നതിലും മെസ്സി മുൻപിലാണ്.