മെസ്സിയുടെയും റാമോസിന്റെയും വഴിയെ നെയ്മറും, ബ്രസീൽ സൂപ്പർതാരം പിഎസ്ജി വിടും
ലിയോ മെസ്സിയും സെർജിയോ റാമോസും പടിയിറങ്ങിയ പാരിസ് സെന്റ് ജർമയിനിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ കൂടി പുറത്തേക്ക് പോകുമെന്ന രീതിയിൽ നിരവധി ട്രാൻസ്ഫർ വാർത്തകൾ പുറത്തു വരുന്നുണ്ട്. 2025 വരെ പിഎസ്ജിയുമായി കരാർ ഉണ്ടെങ്കിലും താരത്തിന്റെ സേവനം അന്വേഷിച്ച് പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്ത് വരുന്നുണ്ട്.
31-കാരനായ ബ്രസീലിയൻ സൂപ്പർ താരത്തിനു വേണ്ടി ന്യൂകാസ്റ്റിൽ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ റൂമറുകളാണ് നേരത്തെ വന്നതെങ്കിൽ ഇപ്പോൾ ചെൽസിയും ട്രാൻസ്ഫർ മാർക്കറ്റിൽ പണം എറിയാൻ തയ്യാറായി നിൽക്കുന്നുണ്ട്. നിരവധി സൂപ്പർ താരങ്ങൾ ടീം വിടുന്നതിനിടയിലും നെയ്മർ ജൂനിയറിനെ കൊണ്ടുവന്ന് ടീം ശക്തമാക്കാനുള്ള ആഗ്രഹം ചെൽസിക്കുണ്ട്.
2025 വരെ പിഎസ്ജിയുമായി കരാർ ഒപ്പ് വെച്ചെങ്കിലും മികച്ച ഒരു ട്രാൻസ്ഫർ ഫീ ലഭിക്കുയാണെങ്കിൽ നെയ്മർ ജൂനിയറിനെ വിൽക്കാൻ പിഎസ്ജി തയ്യാറായേക്കും. അതിനാൽ തന്നെ നെയ്മർ ജൂനിയർ ട്രാൻസ്ഫർ സാധ്യതകളെ കുറിച്ച് ചെൽസി പിഎസ്ജിയുമായി ചർച്ച നടത്തിയെന്നാണ് അറിയാൻ കഴിയുന്നത്.
നെയ്മർ ജൂനിയർ ട്രാൻസ്ഫർ വിജയകരമായി പൂർത്തിയാക്കാൻ ചെൽസിക്ക് കഴിയുമോയെന്നും ആരാധകർ അന്വേഷിക്കുന്നുണ്ട്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ സാധ്യതകൾ അന്വേഷിച്ചിരുന്നുവെന്ന് എൽഎക്യുപേ റിപ്പോർട്ട് ചെയ്തിരുന്നു, എങ്കിലും സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ നടക്കാൻ സാധ്യത കുറവാണ്.
🗞️ Chelsea have reportedly opened talks to sign Neymar.
— Sky Sports Premier League (@SkySportsPL) June 7, 2023
ഈ സീസണിൽ മികച്ച ഫോമിൽ കളി തുടങ്ങിയ നെയ്‌മർ ജൂനിയർ വീണ്ടും പരിക്കിന്റെ പിടിയിലായതോടെ ടീമിന് പുറത്തായി. ഇനി ജൂലൈ മാസത്തിൽ പരിശീലനത്തിന് താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതിന് ശേഷമായിരിക്കും പരിക്കിന്റെ അവസ്ഥ നിരീക്ഷിച്ച് വീണ്ടും താരം കളിക്കളത്തിൽ എത്തുക.