മെസ്സി ദേഷ്യപ്പെട്ടു കൊണ്ട് നിർത്താൻ ആവശ്യപ്പെട്ടു : സെർജിയോ അഗ്വേറോ പറയുന്നു

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം നേടിയത്. തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പ് കിരീടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. വലിയ രൂപത്തിലുള്ള ആഘോഷത്തിനായിരുന്നു പിന്നീട് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നത്.സെർജിയോ അഗ്വേറോയുടെ ചുമലിലേറി കൊണ്ടായിരുന്നു ലയണൽ മെസ്സി വേൾഡ് കപ്പ് പിടിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തിയിരുന്നത്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം ഫുട്ബോളിൽ നിന്നും അഗ്വേറോ നേരത്തെ വിരമിച്ചിരുന്നു.ആ അഗ്വേറോയുടെ ചുമലിൽ ഇരിക്കുന്നതിൽ ലയണൽ മെസ്സിക്ക് തന്നെ ആശങ്കയുണ്ടായിരുന്നു. മാത്രമല്ല അഗ്വേറോ വളരെയധികം കുടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മെസ്സി അഗ്വേറോയോട് ദേഷ്യപ്പെട്ടു കൊണ്ട് നിർത്താൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസം ട്വിച്ചിൽ അഗ്വേറോ തന്നെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്.

‘ ഞാൻ അന്ന് ഒരുപാട് കുടിച്ചിരുന്നു.പക്ഷേ ഒന്നും കഴിച്ചിരുന്നില്ല.ഞങ്ങൾ ലോക ചാമ്പ്യന്മാരായതിന്റെ ആവേശത്തിലായിരുന്നു. അന്ന് എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ എന്ന് ഞാൻ കരുതി. പക്ഷേ മെസ്സി അങ്ങനെ അല്ലായിരുന്നു.അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു കൊണ്ട് കുടി നിർത്താൻ ആവശ്യപ്പെട്ടു.അദ്ദേഹത്തെ താഴെ ഇറക്കാനും ആവശ്യപ്പെട്ടു.പക്ഷേ ഞാൻ അതിന് സമ്മതിച്ചില്ല. നമ്മൾ ലോക ചാമ്പ്യന്മാരാണെന്നും ആഘോഷിക്കുക തന്നെ വേണമെന്നും ഞാൻ മെസ്സിയോട് പറഞ്ഞു ‘ അഗ്വേറോ വ്യക്തമാക്കി.

വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ടീമിൽ ഇല്ലായിരുന്നുവെങ്കിലും ടീമിനെ ആവേശം പകരാൻ വേണ്ടി എപ്പോഴും കൂടെയുണ്ടായിരുന്ന വ്യക്തിയാണ് സെർജിയോ അഗ്വേറോ.മാത്രമല്ല ചില വിവാദങ്ങളിൽ അദ്ദേഹം ഉൾപ്പെടുകയും ചെയ്തിരുന്നു. ഫ്രഞ്ച് സൂപ്പർ താരമായ കമവിങ്കയെ അധിക്ഷേപിച്ചത് വലിയ രൂപത്തിൽ വിവാദമായിരുന്നു. എന്നിരുന്നാലും വേൾഡ് കപ്പ് നേടിയ ടീമിൽ ഒരാൾ എന്ന രൂപേണയാണ് അഗ്വേറോ കിരീട നേട്ടം ആഘോഷിച്ചിരുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ദീർഘകാലം കളിച്ചിരുന്ന അഗ്വേറോ അർജന്റീനയുടെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു. പിന്നീട് അദ്ദേഹം ബാഴ്സയിൽ എത്തിയ സമയത്താണ് ഈ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നത്.തുടർന്ന് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു.

Rate this post