കളിക്കളത്തിലും രക്ഷയില്ലാതെ മെസ്സി , അർജന്റീന സൂപ്പർ താരത്തെ കളിക്കാൻ സമ്മതിക്കാതെ ആരാധകർ |Lionel Messi
ലയണൽ മെസ്സിയെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായി പലരും കണക്കാക്കുന്നു. അതുകൊണ്ട് തന്നെ അർജന്റീനിയൻ സ്‌ട്രൈക്കറുമായി ഒരു ഓർമ്മ പങ്കുവെക്കുവാൻ ആരാധകർ സാധ്യമായത് എല്ലാം ചെയ്യും
റെഡ്ബുൾ അരീനയിൽ ജമൈക്കയ്‌ക്കെതിരെ അർജന്റീനയുടെ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായിട്ടാണ് മെസ്സി ഇറങ്ങിയത്.മെസി കളത്തിലുണ്ടായിരുന്ന മുപ്പത്തിനാല് മിനുട്ടിനിടയിൽ മൂന്ന് ആരാധകരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് താരത്തിനരികിലേക്ക് ഓടിയെത്തിയത്.ഷർട്ട് ഒന്നും ധരിക്കാതിരുന്ന ഒരു ആരാധകൻ ലയണൽ മെസ്സിയുടെ ഓട്ടോഗ്രാഫിന് വേണ്ടിയാണ് പിച്ചിൽ പ്രവേശിച്ചത്. മെസ്സിയുടെ അടുക്കലിലേക്ക് ഓടിയെത്തിയ ഇദ്ദേഹം ഒരു പേന മെസ്സിക്ക് നൽകി ശരീരത്തിൽ ഓട്ടോഗ്രാഫ് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മെസിയത് നൽകാൻ തുനിഞ്ഞപ്പോഴേക്കും സുരക്ഷാ ജീവനക്കാർ അയാളെ പിടിച്ചു മാറ്റുകയുമുണ്ടായി.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. മറിച്ച് ഇപ്പോൾ ഇതൊരു സ്ഥിരമായി സംഭവമായി മാറുകയാണ്. കളിക്കുന്ന സമയത്ത് പോലും മെസ്സിക്ക് രക്ഷയില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മത്സരത്തിന് ശേഷവും മെസ്സിയോടൊപ്പം ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് ലഭിക്കാനുമൊക്കെ എതിർ താരങ്ങൾ തിക്കി തിരക്കുന്നത് കഴിഞ്ഞ മത്സരത്തിലും കാണാൻ സാധിച്ചു. മറ്റൊരു ആരാധകൻ മൈതാനത്തേക്കെത്തി മെസ്സിയുമായി സെല്ഫിയെടുക്കാനുള്ള ശ്രമമാണ് നടത്തിയത്. അതേസമയം ഒരു ആരാധകൻ മെസിയുടെ അടുത്തെത്തുന്നതിനു മുൻപ് വീണതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റുകയായിരുന്നു.
Leo Messi is the first Player in History to cause a hattrick of Pitch invaders 🐐 pic.twitter.com/e1bGhzHeE1
— Barça Worldwide (@BarcaWorldwide) September 28, 2022
മത്സരത്തിന്റെ എൺപത്തിയാറാം മിനുട്ടിലും എൺപത്തിയൊമ്പതാം മിനുട്ടിലുമാണ് ലയണൽ മെസിയുടെ ഗോളുകൾ പിറക്കുന്നത്. ബോക്‌സിനു പുറത്തു നിന്നുള്ള ഒരു ഷോട്ടിലൂടെയാണ് മെസി മത്സരത്തിൽ തന്റെ ആദ്യത്തെ ഗോൾ നേടുന്നത്. അതിനു ശേഷം ഒരു ഗ്രൗണ്ടർ ഫ്രീകിക്കിലൂടെ തന്റെ ഗോൾനേട്ടം വർധിപ്പിക്കാൻ കഴിഞ്ഞ മെസി അർജന്റീനയ്ക്കു വേണ്ടി തൊണ്ണൂറു ഗോളുകളെന്ന നേട്ടവും സ്വന്തമാക്കി.
Lionel Messi about to sign an autograph for a pitch invader.pic.twitter.com/rfh8xOC3Xc
— Mundo Albiceleste 🇦🇷 (@MundoAlbicelest) September 28, 2022
നവംബറിൽ ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്റീന ടീമിന് ലയണൽ മെസ്സിയുടെ തുടർച്ചയായ മികച്ച ഫോം പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നു. മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പായേക്കാവുന്ന ഖത്തർ ലോകകപ്പിൽ വിജയം തേടി തന്റെ മഹത്തായ കരിയറിന് അഭിമാനകരമായ അന്ത്യം കുറിക്കുക എന്ന ലക്ഷ്യമാണ് മെസ്സിക്ക് മുന്നിലുളളത്.