ഏഴഴകിൽ ലയണൽ മെസ്സി,കടപുഴകി വീണത് ഒരുപാട് റെക്കോർഡുകൾ |Lionel Messi

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരം ആരാണ് എന്നുള്ള ചോദ്യം ഇനി അവസാനിച്ചിരിക്കുന്നു.ലയണൽ മെസ്സി എന്നല്ലാതെ അതിനു മറ്റൊരു ഉത്തരമില്ല.ഫിഫ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സി ഒരിക്കൽ കൂടി സ്വന്തമാക്കി കഴിഞ്ഞു.തന്റെ കരിയറിൽ ഏഴാം തവണയാണ് മെസ്സി ഈ പുരസ്കാരം നേടുന്നത്.

2009 ലാണ് മെസ്സി പുരസ്കാര വേട്ട ആരംഭിച്ചത്.പിന്നീട് തുടർച്ചയായി നേടിക്കൊണ്ടേയിരുന്നു. 2018ൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു.ഇപ്പോഴിതാ ഒരിക്കൽ കൂടി സ്വന്തമാക്കിയിരിക്കുന്നു.ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ താരം മെസ്സി തന്നെയാണ്.മാത്രമല്ല ഏഴ് തവണ റണ്ണറപ്പും മെസ്സി ആയിട്ടുണ്ട്.

നിരവധി റെക്കോർഡുകൾ പഴങ്കഥയാക്കാൻ ഇതോടുകൂടി മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.തുടർച്ചയായ പതിനാറു വർഷം ഫിഫ ബെസ്റ്റ് ടോപ്പ് ഫൈവിൽ ഇടം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല മൂന്ന് വ്യത്യസ്ത പതിറ്റാണ്ടുകളിൽ ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയ ഏക താരം ആവാനും മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.2000 പതിറ്റാണ്ടിലും, 2010 പതിറ്റാണ്ടിലും,2020 പതിറ്റാണ്ടിലും ആണ് മെസ്സി ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.മാത്രമല്ല മറ്റൊരു റെക്കോർഡ് കൂടി മെസ്സി കരസ്ഥമാക്കി കഴിഞ്ഞു.

അതായത് ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.ഇന്നലെ ഈ പുരസ്കാരം നേടുമ്പോൾ ലയണൽ മെസ്സിയുടെ പ്രായം 35 വയസ്സാണ്.33 ആം വയസ്സിൽ നേടിയ ലെവന്റോസ്ക്കി,മോഡ്രിച്ച്,കന്നവാരോ എന്നിവരെയൊക്കെയാണ് ഈ കാര്യത്തിൽ മെസ്സി ഇപ്പോൾ മറികടന്നിട്ടുള്ളത്.പ്രായവും തനിക്ക് ഒരു വിഷയമല്ല എന്നുള്ളത് മെസ്സി ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച ഇലവനിലും ഇടം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഇത് തുടർച്ചയായ പതിനാറാം വർഷമാണ് ഈ ഇലവനിൽ മെസ്സി സ്ഥാനം കണ്ടെത്തുന്നത്.അങ്ങനെയങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയധികം റെക്കോർഡുകൾ മെസ്സി ഒരൊറ്റ രാത്രികൊണ്ട് നേടിയെടുത്തു കഴിഞ്ഞു.പക്ഷേ ലയണൽ മെസ്സി ഇതുകൊണ്ടൊന്നും തന്റെ വേട്ട അവസാനിപ്പിക്കില്ല എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.അടുത്ത ബാലൺഡി’ഓർ പുരസ്കാരവും മെസ്സി തന്നെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷകൾ.

3/5 - (2 votes)
Lionel Messi