ലയണൽ മെസ്സിയുടെ അർജന്റീന കേരളത്തിൽ പന്ത് തട്ടാനെത്തുന്നു , താല്‍പര്യം അറിയിച്ചെന്ന് കായിക മന്ത്രി |Argentina

ലോകചാംപ്യൻമാരായ അർജന്റീന ടീമുമായി സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ക്ഷണം ഇന്ത്യ നിരസിച്ച വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. ജൂണിൽ ഫുട്ബോൾ ലീഗുകൾ അവസാനിച്ച ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയിൽ അർജന്റീന രണ്ടു മത്സരങ്ങൾ കളിക്കാൻ തീരുമാനം എടുത്തിരുന്നു.

ദക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ മത്സരം കളിക്കണമെന്ന് അർജന്റിന താല്പര്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു മത്സരം നടത്താൻ കേരളം തയ്യാറാണെന്ന് കായിക മന്ത്രി വി അബ്ദു റഹ്മാൻ.അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നും മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകുമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു.അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കാനെത്താനുള്ള സാധ്യത തെളിയുന്നു.

കേരളത്തിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് അർജന്റീന അറിയിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ലെറ്റർ ലഭിച്ചാൽ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നും കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ അറിയിക്കുകയുണ്ടായി.
താല്‍പര്യം അറിയിച്ച് അര്‍ജന്‍റീനയുടെ കത്ത് ഔദ്യോഗികമായി അടുത്ത ആഴ്ച ലഭിച്ചാല്‍ ഉടന്‍ കേരളം തുടര്‍നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി സംയുക്തമായിട്ടാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്.കേരളത്തിൽ മത്സരം നടത്തുകയാണെങ്കിൽ ഓൾ ഇന്ത്യ ഫെഡറേഷൻ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

“അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിലേക്ക് ടീമിനെ കൊണ്ടുവരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും അതിനോട് അനുകൂലമായ നിലപാടാണുള്ളത്. അർജന്റീന ഇതുമായി ബന്ധപ്പെട്ട് താത്പര്യപത്രം നൽകിയാൽ കൂടുതൽ ചർച്ചകൾ നടത്തും. മത്സരം നടത്താൻ കഴിയുന്ന സ്റ്റേഡിയങ്ങൾ കേരളത്തിലുണ്ട്.” കായികമന്ത്രി പറഞ്ഞു.ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ടീം കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ച കാര്യമായിരുന്നു.

അര്‍ജന്റീനയ്ക്ക് ജൂണ്‍ പന്ത്രണ്ടിനും ഇരുപതിനും ഇടയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് പുറമേ ബംഗ്ലാദേശും മത്സരം നടത്താനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഓസ്‌ട്രേലിയക്കെതിരെയും, ഇന്തോനേഷ്യക്കെതിരെ അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിച്ചത്. അര്‍ജന്റീനയുടെ ഓഫര്‍ തള്ളിയത് ഇന്ത്യക്ക് ലഭിച്ച വലിയൊരു അവസരത്തെ ഇല്ലാതാക്കുന്നതാണെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ കളിക്കാനായി മന്ത്രി ടീമിനെ ക്ഷണിച്ചത്.

3.8/5 - (16 votes)
Argentina