ഖത്തർ ലോകകപ്പ് അർജന്റീനയെ സംബന്ധിച്ച് ഒരുപാട് വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച ടൂർണമെന്റായിരുന്നു. ഖത്തറിൽ കിരീടമുയർത്തിയതിന്റെ ആഘോഷങ്ങൾ ഇപ്പോഴും അർജന്റീനയിൽ അവസാനിച്ചിട്ടില്ല. രണ്ടു വർഷത്തിനിടെ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന നേടിയെന്നത് ആഘോഷങ്ങൾക്ക് വളരെയധികം മാറ്റ് കൂട്ടുന്നു.
അതിനിടയിൽ അർജന്റീന താരമായ നിക്കോളാസ് ഒട്ടമെന്റി ലയണൽ മെസിയുടെ ചിത്രം തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്തതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ ലയണൽ മെസി നിർണായക പങ്കു വഹിച്ചതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ചിത്രം നിക്കോളാസ് ഒട്ടമെന്റി ടാറ്റൂ ചെയ്തത്.
“ലോകകപ്പിനെയും എന്നെയും ചേർത്ത് അസാധാരണമായ നിരവധി കാര്യങ്ങൾ സംഭവിച്ചത് കണ്ടിട്ടുണ്ടെങ്കിലും സഹതാരമായ നിക്കോളാസ് ഓട്ടമെന്റി ഇതുപോലൊരു ടാറ്റൂ ചെയ്തത് വളരെ സ്പെഷ്യലായ കാര്യമാണ്. വളരെയധികം നന്ദി ഓട്ടമെന്റി.” മെസി തന്റെ ഇൻസ്റ്റഗ്രാമിൽ ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ പങ്കു വെച്ചതിനു ശേഷം കുറിച്ചു.
“നിങ്ങൾ കാണുന്ന കാര്യങ്ങൾ നിങ്ങൾക്കൊപ്പം കളിക്കുന്ന ഞങ്ങൾ കാണുന്നതുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ല. നിങ്ങളീ രാജ്യം മാത്രമല്ല, ഈ സ്പോർട്ടിന്റെ തന്നെ ചരിത്രമാണ്. ഞാൻ നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു.” മെസിയുടെ പ്രതികരണത്തിന് മറുപടിയായി അർജന്റീനിയൻ പ്രതിരോധതാരം കുറിച്ചു.
📲 Now Otamendi 's reply to Leo Messi :
— Semper 🐐🇦🇷 (@SemperFiMessi) March 30, 2023
"The things that you saw are nothing compared to what we see playing next to you. You are not only an entire country, you are the history of this sport. I love you friend ❤️" https://t.co/u4XJTreeat pic.twitter.com/2P6ldHffpm
ലോകഫുട്ബോളിൽ തന്നെ മറ്റൊരു കളിക്കാരനും അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ് കിരീടനേട്ടത്തിന്റെ സന്തോഷത്തിൽ ഒരു താരത്തിന്റെ ചിത്രം സഹതാരം ടാറ്റൂ ചെയ്യുകയെന്നത്. ലയണൽ മെസി ആരാധകരുടെ ഇടയിൽ മാത്രമല്ല, മറിച്ച് അർജന്റീന ടീമിലെ സഹതാരങ്ങളുടെ ഇടയിലും ഒരു വികാരമാണെന്നത് ഇതിൽ നിന്നും വ്യക്തമാകുന്നു.