“ഞാൻ അങ്ങനെ കരുതുന്നില്ല, സാഹചര്യങ്ങൾ ശരിയല്ല”: ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ലയണൽ മെസ്സിയുടെ പിതാവ് |Lionel Messi

പാരീസ് സെന്റ് ജെർമെയ്നുമായുള്ള സൂപ്പർ തരാം ലയണൽ മെസ്സിയുടെ നിലവിലെ കരാർ ഈ സീസണിന്റെ അവസാനത്തോടെ അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ അര്ജന്റീന താരം കരാർ പുതുക്കുമോ എന്ന കാര്യം സംശയത്തിലാണ്. 2021 സമ്മറിൽ ബാഴ്‌സലോണയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് വമ്പന്മാരിൽ ചേർന്ന മെസ്സിയെ ക്ലബ്ബിൽ നില നിർത്താനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.

ലയണൽ മെസ്സിയുടെ പിതാവും പിഎസ്ജി പ്രതിനിധികളും ഏറ്റവും പുതുതായി നടത്തിയ ചർച്ചയിൽ യാതൊരുവിധ തീരുമാനങ്ങളും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തും എന്ന രീതിയിലുള്ള കിംവദന്തികൾ ഉയർന്നു വന്നിരുന്നു.ലയണൽ മെസ്സിയുടെ പിതാവും പ്രതിനിധിയുമായ ജോർജ്ജ് മെസ്സി വ്യാഴാഴ്ച തന്റെ മകൻ ബാഴ്‌സലോണയ്ക്കായി കളിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞു.ലാ ലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം കറ്റാലൻ ക്ലബ്ബിന് മെസ്സിയുടെ കരാർ പുതുക്കാൻ കഴിയാതെ വന്നതോടെയാണ് 35 കാരൻ പാരിസ് സെന്റ് ജെർമെയ്‌നിനായി ഒപ്പുവച്ചത്.

“ഞാൻ അങ്ങനെ കരുതുന്നില്ല, സാഹചര്യങ്ങൾ ശരിയല്ല,” ജോർജ് മെസ്സി ബാഴ്‌സലോണ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടുമായി ഒരു കരാറിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും മെസ്സിക്ക് പാരീസ് സെന്റ് ജെർമെയ്‌നുമായി കരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.തന്റെ മകൻ ബാഴ്‌സലോണയ്‌ക്കായി വീണ്ടും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ജീവിതം നിരവധി വഴിത്തിരിവുകൾ എടുക്കുന്നു,” ജോർജ് മെസ്സി പറഞ്ഞു.

“ബാഴ്സയിൽ നിന്നും ഒരു ഓഫറുകളും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തൽ ഇനി അസാധ്യമാണ് എന്നുള്ളതിനെ കുറിച്ച് എനിക്ക് യാതൊരുവിധ ഐഡിയയുമില്ല. അത് അസാധ്യമാണോ എന്നെനിക്കറിയില്ല.ഞങ്ങൾ ബാഴ്സ അധികൃതരുമായി സംസാരിച്ചിട്ട് പോലുമില്ല”ജോർഹെ മെസ്സി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മെസ്സി ഫ്രഞ്ച് ക്ലബ്ബുമായി കരാർ പുതുക്കിയില്ലെങ്കിൽ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മേജർ ലീഗ് സോക്കർ ടീം ഇന്റർ മിയാമിയിൽ ചേരാനുള്ള സാധ്യതയുണ്ട്.