ലയണൽ മെസ്സിയുടെ ഭാവി തീരുമാനമായി, പിഎസ്ജി യുമായി കരാർ പുതുക്കുന്നതിന് തൊട്ടരികിൽ

ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിടാൻ തയ്യാറെടുക്കുന്നു. മെസിയുടെ നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ സീസണിന്റെ തുടക്കം മുതൽ തന്നെ പുതിയ കരാർ നൽകാൻ പിഎസ്‌ജി ശ്രമം നടത്തുകയായിരുന്നു. എന്നാൽ ലോകകപ്പിന് ശേഷമേ തന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നു കരുതിയിരുന്ന ലയണൽ മെസി ഇതുവരെയും കരാർ പുതുക്കിയില്ല.

ലോകകപ്പ് കിരീടം നേടിയതോടെ ഇനി ക്ലബ് ഫുട്ബോളിലും ഇന്റർനാഷണൽ ഫുട്ബോളിലും ലയണൽ മെസിക്ക് സ്വന്തമാക്കാൻ കിരീടങ്ങളൊന്നും ബാക്കിയില്ല. ലോകകപ്പ് കഴിഞ്ഞു ക്ലബ്ബിലേക്ക് തിരിച്ചെത്തിയ താരം അതിനു ശേഷം നടന്ന ചർച്ചകൾക്ക് ശേഷമാണ് പുതിയ കരാറൊപ്പിടുന്നത്. ഇതോടെ ലയണൽ മെസിയുമായി ബന്ധപ്പെട്ട നിരവധിയായ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്കും അവസാനമാകും.

ടൈക് സ്പോർട്ടിന്റെ ഗാസ്റ്റൻ എഡുൽ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഒരു വർഷത്തേക്ക് കൂടി ഫ്രഞ്ച് ക്ലബിൽ തുടരാനുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാർ പോലെ മെസിക്കും പിഎസ്‌ജിക്കും സമ്മതമാണെങ്കിൽ അതൊരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഉടമ്പടിയുണ്ടോ എന്ന് വ്യക്തമല്ല. പിഎസ്‌ജിക്കൊപ്പം വിജയങ്ങൾ നേടാൻ തന്നെയാണ് മെസി ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

കരാർ അവസാനിക്കുന്ന താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ആഗ്രഹമുണ്ടെന്ന് ബാഴ്‌സലോണ പരിശീലകൻ സാവിയും പ്രസിഡന്റ ലപ്പോർട്ടായും വെളിപ്പെടുത്തിയതാണ് ഈ അഭ്യൂഹങ്ങൾ ഉയരാൻ കാരണം. എന്നാൽ പിഎസ്‌ജി മാത്രമായിരുന്നു മെസിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്, താരത്തിനായി ബാഴ്‌സലോണ ചർച്ചകളൊന്നും നടത്തിയതുമില്ല.

ലയണൽ മെസി സൗദിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ഇതിനിടയിൽ ഉണ്ടായിരുന്നു. റൊണാൾഡോക്ക് ലഭിക്കുന്നതിന്റെ ഇരട്ടി പ്രതിഫലം വാഗ്‌ദാനം ചെയ്‌ത്‌ രണ്ടു ക്ലബുകൾ മെസിക്കായി ശ്രമം നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരം കരാർ പുതുക്കുന്നതോടെ ഇതിനും അവസാനമായി. ഇനി പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയാവും മെസിയുടെ ലക്‌ഷ്യം.