ഖത്തർ ലോകകപ്പിൽ കിരീടം നേടി സൗത്ത് അമേരിക്കൻ ഫുട്ബോളിന്റെ അഭിമാനം ഉയർത്തിയ അർജന്റീന ടീമിന് കോൺമെബോൾ ആദരവ് നൽകാൻ തീരുമാനിച്ചു. 2002ൽ ബ്രസീൽ ലോകകപ്പ് നേടിയതിനു ശേഷം പിന്നീട് ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ ടീം ലോകകകിരീടം നേടുന്നത്. 2014ൽ അർജന്റീന ഫൈനൽ കളിച്ചതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട നേട്ടം.
ലാറ്റിനമേരിക്കയിലെ പ്രധാന ഫുട്ബോൾ ശക്തികളായ ബ്രസീൽ നിരന്തരം പരാജയപ്പെട്ടിടത്താണ് അർജന്റീന ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. ഇരുപതു വർഷങ്ങൾ നീണ്ട കാത്തിരിപ്പവസാനിപ്പിച്ച് ഒരു ലാറ്റിനമേരിക്കൻ ടീം കിരീടം സ്വന്തമാക്കിയത് കോൺമെബോളിനും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ്. അതുകൊണ്ടാണ് അവർ അർജന്റീന ടീമിനെ ആദരിക്കാൻ ഒരുങ്ങുന്നത്.
കോൺമെബോൾ ആദരവ് നൽകാൻ പോകുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് പരിശീലകൻ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം നടന്ന മീഡിയ കോണ്ഫറന്സിൽ സ്ഥിരീകരിച്ചു. സൗത്ത് അമേരിക്കയെ സംബന്ധിച്ച് അതൊരു പ്രധാനപ്പെട്ട കാര്യമാണെന്നും ലോകകപ്പ് നേടിയ അർജന്റീന ടീമിലെ എല്ലാവരും അതിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാഗ്വയിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ലാറ്റിനമേരിക്കയിലെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡോസിന്റെ നറുക്കെടുപ്പ് ഇരുപത്തിയേഴിനു നടക്കുന്നുണ്ട്. അതിൽ വെച്ചാണ് അർജന്റീന ദേശീയ ടീമിനെ ആദരിക്കുന്നത്. പരാഗ്വയിലെ നഗരമായ ലുക്‌വെയിലുള്ള കോൺമെബോൾ കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
❗️Lionel Scaloni has confirmed that they have accepted the invitation and the entire squad will travel to Paraguay at the Copa Libertadores draw to be honored by the CONMEBOL as the World Champions. 🇦🇷☑️ pic.twitter.com/VhXYw6zIWn
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 21, 2023
ഇരുപത്തിമൂന്നിനു പനാമക്കെതിരെ നടക്കുന്ന മത്സരത്തിന് ശേഷം കുറകാവോക്കെതിരെ അർജന്റീനക്ക് ഒരു മത്സരം കൂടിയുണ്ട്. പരാഗ്വയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തിരിച്ചെത്തുന്ന അർജന്റീന താരങ്ങൾ അതിന്റെ പിറ്റേന്ന് തന്നെ കുറകാവോക്കെതിരെ ഇറങ്ങും. രണ്ടു മത്സരങ്ങളും അപ്രധാനമാണെന്നതിനാൽ പുതിയ താരങ്ങൾക്ക് അവസരം ലഭിക്കുമെന്നുറപ്പാണ്.