ആരാധകരുടെ ‘അർജന്റീന, അർജന്റീന’ ചാന്റിനെക്കുറിച്ച് ലിസാൻഡ്രോ മാർട്ടിനസ്, റൊണാൾഡോക്ക് പ്രശംസ

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ ദിവസമായിരുന്നു ഇന്നലത്തേത്. യൂറോപ്പ ലീഗിലെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അവർ അതിനു ശേഷം ഇന്നലെ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി. മൊൾഡോവ ക്ലബായ ഷെരിഫിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിന് പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിലെ ആദ്യത്തെ ഗോൾ കുറിക്കുകയും ചെയ്‌തു. ക്ലബിന്റെ മറ്റൊരു ഗോൾ നേടിയത് യുവതാരം ജാഡൻ സാഞ്ചോയായിരുന്നു.

റയൽ സോസിഡാഡിനെതിരെ നടന്ന കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ തോൽവി നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇന്നലത്തെ മത്സരത്തിൽ ഇറങ്ങിയത്. ആഴ്‌സണലിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇറങ്ങിയതിനു സമാനമായ ആദ്യ ഇലവൻ ഇറക്കിയ എറിക് ടെൻ ഹാഗ് പരിക്കേറ്റ റാഷ്‌ഫോഡിന് പകരം റൊണാൾഡോയെ ഉൾപ്പെടുത്തിയതായിരുന്നു ഒരേയൊരു മാറ്റം. അതിന്റെ ഫലം മത്സരത്തിൽ കാണുകയും ചെയ്‌തു. മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസ് റൊണാൾഡോ, സാഞ്ചോ എന്നിവരുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്‌തു.

“ഞങ്ങൾക്ക് മൂന്നു പോയിന്റുകൾ നേടാൻ കഴിഞ്ഞു, അതു വളരെ പ്രധാനമാണ്. ഞങ്ങൾ പരിശീലകനത്തിൽ വളരെയധികം അധ്വാനിക്കുന്നു, സാഞ്ചോ മനോഹരമായ ഗോൾ നേടി, ഞങ്ങൾ മനോഹരമായി കളിച്ചു, അവസാനം ഞങ്ങൾ ടീമിന്റെ വിജയം ആഘോഷിച്ചു. റൊണാൾഡോ എത്ര വലിയ താരമാണെന്ന് നമുക്കറിയാം. അദ്ദേഹം ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്, ഇന്നൊരു ഗോൾ നേടുകയും ചെയ്‌തു. അത് ടീമിന്റെയും താരത്തിന്റെയും ആത്മവിശ്വാസം ഉയർത്തും.” മാഞ്ചസ്റ്റർ യുണൈറ്റഡ് ടിവിയോട് ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.

ആരാധകർ തനിക്കു വേണ്ടിയുണ്ടാക്കിയ ചാന്റിനെക്കുറിച്ചും ലിസാൻഡ്രോ പ്രതികരിച്ചു. “ആരാധകരുടെ സ്‌നേഹം എനിക്ക് സന്തോഷവും ചെറിയ ആശ്ചര്യവും ഉണ്ടാക്കി. അതെനിക്ക് അഭിമാനവും അതേസമയം നൽകുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിലെത്തുമ്പോൾ ആരാധകർ ‘അർജന്റീന, അർജന്റീന’ എന്നു വിളിക്കുന്നത് ആവേശകരമാണ്. ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി.” ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.

അയാക്‌സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം പ്രീമിയർ ലീഗിൽ തനിക്ക് തിളങ്ങാൻ കഴിയില്ലെന്ന വിമർശനം ഉന്നയിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനസ് നടത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിൻനിരയിൽ നിന്നും അതിമനോഹരമായ ഒരു കീ പാസ് നൽകാനും താരത്തിനായി. റൊണാൾഡോക്ക് അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്നത്തെ പ്രധാന ചർച്ചാവിഷയം അതായി മാറിയേനെ.

Rate this post