സ്പർസിനെതിരെ അർജന്റീനിയൻ താരം ലിസാൻഡ്രോ മാർട്ടിനെസ് ഒരുക്കിയ ഡിഫെൻസിവ് മാസ്റ്റർ ക്ലാസ്|Lisandro Martinez 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം ഹോട്സ്പറിനെ പരാജയപ്പെടുത്തി. ഫ്രെഡും ബ്രൂണോ ഫെർണാണ്ടസും നേടിയ ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ടെൻ ഹാഗിന്റെ കീഴിൽ യുണൈറ്റഡ് കളിച്ച ഏറ്റവും മികച്ച മത്സരം കൂടിയായിരുന്നു ഇത്.

ജയത്തോടെ 10 കളികളിൽ നിന്ന് 6 സമനിലയും 3 തോൽവിയും ഉൾപ്പെടെ 19 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുന്നു.നിരന്തരം ആക്രമിച്ചു കളിച്ച യുണൈറ്റഡ് പേരുകേട്ട ടോട്ടൻഹാം മുന്നേറ്റനിരയെ പിടിച്ചു കെട്ടുന്ന പ്രകടനം പുറത്തെടുത്തു. പ്രതിരോധത്തിൽ ഒരു പിഴവും വരുത്താതിരുന്ന മാർട്ടിനെസ് – വരാനെ സഖ്യം വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അതിൽ എടുത്തു പറയേണ്ട പ്രകടനം നടത്തിയ താരമാണ് അര്ജന്റീന ഡിഫൻഡർ ലൈസൻഡ്രോ മാർട്ടിനെസ്. അയാക്സിൽ നിന്നും 57 മില്യൺ പൗണ്ടിന് യുണൈറ്റഡിൽ എത്തിയ മാർട്ടിനെസ് ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

24 കാരനായ മാർട്ടിനെസ് ഈ സീസണിൽ നാല് തവണ ചാമ്പ്യൻസ് ലീഗ് ജേതാവായ റാഫേൽ വരാനെയുമായി ശക്തമായ പങ്കാളിത്തം സ്ഥാപിച്ചു.ഈ ജോടി ഒരുമിച്ച് ആരംഭിച്ചപ്പോൾ ഏഴ് വിജയങ്ങളും അഞ്ച് ക്ലീൻ ഷീറ്റുകളും നേടിയിട്ടുണ്ട്.തന്റെ വലിപ്പത്തിലും പൊക്കത്തിലും സംശയങ്ങൾ ഉണ്ടായിരുന്നിട്ടും ഈ സീസണിൽ അർജന്റീനക്കാരൻ നടത്തുന്ന പ്രകടനം ഏവരുടെയും കയ്യടി അർഹിക്കുന്നതാണ്. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ജോഡികളായ ഹാരി കെയ്‌നിനെയും സൺ ഹ്യൂങ്-മിന്നിനെയും പോക്കറ്റിലാക്കുന്ന പ്രകടനമാണ് മാർട്ടിനെസ് ഇന്നലെ പുറത്തെടുത്തത്.

മാർട്ടിനെസിന്റെ ഉയരക്കുറവ് കാരണം പ്രീമിയർ ലീഗുമായി പൊരുത്തപ്പെടാൻ കഴിയുമോ എന്നതിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നെങ്കിലും, ഈ സീസണിൽ താരം തന്റെ വിമർശകരെ പ്രകടനം കൊണ്ട് നിശ്ശബ്ദരാക്കി മാറ്റി.സ്ഥിരതയാർന്ന പ്രകടനങ്ങൾകൊണ്ട് അദ്ദേഹം ഇപ്പോൾ ആരാധകരുടെ പ്രിയങ്കരനായി.ഉയരത്തെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറികടന്ന താരം നിർണായകമായ പല ഹെഡ്ഡർ ക്ലിയറൻസുകൾ നടത്തുകയും ചെയ്തു.

“ഞങ്ങൾ കളി നിയന്ത്രിച്ചു, ഞങ്ങൾ മികച്ച ഫുട്ബോൾ കളിച്ചു, അതിൽ ഞാൻ വളരെ സന്തോഷവാനാണ്, കാരണം ഈ ടീം അത് അർഹിക്കുന്നു, ഞങ്ങൾ എപ്പോഴും കഠിനമായി പരിശ്രമിക്കുന്നു, ഞങ്ങൾ എല്ലായ്പ്പോഴും ഈ ലെവൽ കളിക്കാൻ ആഗ്രഹിക്കുന്നു” മത്സര ശേഷം മാർട്ടിനെസ് MUTV-യോട് പറഞ്ഞു.അർജന്റീന സംബന്ധിച്ചിടത്തോളവും ആരാധകരെ സംബന്ധിച്ചിടത്തോളവും വളരെയധികം സന്തോഷം പകരുന്ന പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനസിന്റേത്.വരുന്ന വേൾഡ് കപ്പിൽ താരത്തിന്റെ ഈ മികവ് അർജന്റീനയുടെ ദേശീയ ടീമിന് വളരെയധികം ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. ലോകകപ്പ് വരുമ്പോൾ അർജന്റീനയ്ക്കും വലിയ പ്രതീക്ഷയാണ് ഈ 24കാരൻ നൽകുന്നത്.

Rate this post