പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയതിനു പിന്നാലെ അർജന്റീന താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യം ഇരട്ടിയായി

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അയാക്‌സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുമ്പോൾ അതിൽ സംശയങ്ങൾ പ്രകടിപ്പിച്ചവർ നിരവധിയായിരുന്നു. ആറടിയിൽ കുറവ് മാത്രം ഉയരമുള്ള അർജന്റീനിയൻ താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയില്ലെന്ന് പലരും വിധിയെഴുതുകയും ചെയ്‌തു. എന്നാൽ തനിക്കു നേരെയുണ്ടായ വിമർശനങ്ങളെയെല്ലാം തിരുത്തിക്കുറിച്ച് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളായി മാറാൻ മാർട്ടിനസിനു കഴിഞ്ഞു.

ഹാരി മാഗ്വയറിനെ പുറത്തിരുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറിയ ലിസാൻഡ്രോ മാർട്ടിനസിനെ അൻപത്തിയേഴു മില്യൺ യൂറോ ഫീസ് നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചത്. ആ സമയത്ത് ഇത്രയും തുക താരത്തിനായി നൽകുന്നതിൽ പലരും മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിമർശിച്ചിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം തന്റെ ട്രാൻസ്‌ഫർ മൂല്യം ഇരട്ടിയായി വർധിപ്പിച്ചാണ് ലിസാൻഡ്രോ മാർട്ടിനസ് ഇതിനു മറുപടി നൽകുന്നത്.

ഫുട്ബോൾ ട്രാൻസ്ഫെഴ്‌സിന്റെ കണക്കുകൾ പ്രകാരം അയാക്‌സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ലിസാൻഡ്രോ മാർട്ടിനസ് എത്തുന്ന സമയത്ത് 34 മില്യൺ യൂറോയാണ് താരത്തിന് മൂല്യമായി കൽപ്പിച്ചിരുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി രണ്ടു മാസം പിന്നിടുമ്പോൾ അർജന്റീന ഡിഫെൻഡറുടെ മൂല്യം അവർ കണക്കാക്കുന്നത് 61 മില്യൺ യൂറോയാണ്. താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ ട്രാൻസ്‌ഫർ ഫീസ് പത്തു ശതമാനം വർധിപ്പിക്കാനും നേരത്തെ ഫുട്ബോൾ ട്രാൻസ്‌ഫർസ് കണക്കാക്കിയ മൂല്യത്തിൽ നിന്നും ഇരട്ടിയാക്കാനും മാർട്ടിനസിനു കഴിഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തിൽ റാഫേൽ വരാനെക്കൊപ്പം ചേർന്ന് വളരെ മികച്ച സഖ്യമുണ്ടാക്കാൻ കഴിഞ്ഞ ലിസാൻഡ്രോ മാർട്ടിനസ് എത്തിയതോടെ ക്ലബിന്റെ ഫോമിലും വ്യത്യാസമുണ്ട്. കഴിഞ്ഞ സീസണിൽ ടോപ് ഫോർ നഷ്‌ടമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ അതിലേക്ക് എത്തുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകുന്നുണ്ട്. അതിനു പുറമെ ഇത്തവണ ഏതെങ്കിലും കിരീടവും അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞേക്കും. ടീമിന് വളരെയധികം ആത്മവിശ്വാസം നൽകുന്ന മാർട്ടിനസിന്റെ സാന്നിധ്യം അതിൽ നിർണായകമാണ്.

നിലവിൽ അർജന്റീനയുടെ സൗഹൃദമത്സരങ്ങൾക്കുള്ള ടീമിനൊപ്പം ചേരാൻ തയ്യാറെടുക്കുകയാണ് ലിസാൻഡ്രോ മാർട്ടിനസ്. വിസ പ്രശ്‌നങ്ങൾ മൂലം വൈകിയാണ് താരം ടീമിന്റെ ക്യാംപിൽ ചേരുന്നത്. ഹോണ്ടുറാസിനെതിരായ ആദ്യ മത്സരത്തിൽ ടീമിൽ ഇടം ലഭിക്കാൻ സാധ്യത കുറവാണെങ്കിലും ജമൈക്കക്കെതിരെ ഇറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലിസാൻഡ്രോ മാർട്ടിനസ്.

Rate this post