മാഞ്ചസ്റ്റർ സൂപ്പർ താരത്തിന്റെ സീസൺ അവസാനിച്ചു, ശ്രദ്ധേയമായി അർജന്റീന താരങ്ങളുടെ ഒരുമ

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന ദേശീയ ടീം സാധ്യമായ മൂന്നു കിരീടങ്ങളും നേടിയത് ടീമിലെ താരങ്ങൾ തമ്മിലുള്ള ഒത്തൊരുമ കൊണ്ടു കൂടിയാണ്. അവസരങ്ങൾ ഇല്ലാത്തപ്പോഴും ഈഗോ പ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത ടീമിനായി ഒറ്റക്കെട്ടായി പൊരുതാൻ അർജന്റീന താരങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇത് ടീമിന് വലിയ കരുത്തും ആത്മവിശ്വാസവുമാണ് നൽകിയത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയ്യയും തമ്മിൽ നടന്ന യൂറോപ്പ ലീഗ് മത്സരത്തിനിടെ അർജന്റീന താരങ്ങളുടെ ഒത്തൊരുമ വീണ്ടും കാണുകയുണ്ടായി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഗുരുതരമായ പരിക്കേറ്റു മൈതാനത്തു വീണ ലിസാൻഡ്രോ മാർട്ടിനസിനെ മൈതാനത്തു പുറത്തെത്തിച്ചത് സെവിയ്യ ടീമിലെ അർജന്റീന താരങ്ങളാണ്.

മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ടിലധികം ബാക്കിയുള്ള സമയത്താണ് പന്തുമായി മുന്നേറുന്നതിനിടെ ലിസാൻഡ്രോ മാർട്ടിനസ് നിലത്തു വീണത്. കാൽ നിലത്ത് കുത്തി എണീക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു താരം. ഇതോടെയാണ് സെവിയ്യയിലെ അർജന്റീന താരങ്ങളായ അക്യൂന, മോണ്ടിയാൽ, ഒകാമ്പോസ് എന്നിവർ ലിസാൻഡ്രോ മാർട്ടിനസിനെ തോളിലേറ്റി മൈതാനത്തിനു പുറത്തെത്തിച്ചത്.

അർജന്റീന ആരാധകർക്ക് ആവേശമുണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചതെങ്കിലും ലിസാൻഡ്രോ മാർട്ടിനസിന്റെ പരിക്ക് വലിയ ആശങ്ക തന്നെയാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ആറു മാസത്തോളം ചിലപ്പോൾ പുറത്തിരിക്കേണ്ടി വരും. ഈ സീസൺ ലിസാൻഡ്രോക്ക് നഷ്‌ടമാകുന്നത് രണ്ടു കിരീടങ്ങൾക്കായി പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയാണ്.

ലിസാൻഡ്രോ പരിക്കേറ്റു പുറത്തു പോയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്‌തു. മാർട്ടിനസ് പുറത്തു പോയതോടെ അനുവദിച്ച അഞ്ചു പകരക്കാരെയും നേരത്തെ ഇറക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പത്ത് പേരുമായാണ് കളിച്ചത്. ഇഞ്ചുറി ടൈമിൽ ഹാരി മഗ്വയറിന്റെ സെൽഫ് ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം നിഷേധിച്ചത്.

Rate this post