യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിലാണ് ഏറ്റു മുട്ടുന്നത്. ഈ സീസണിൽ അത്ര മികച്ച ഫോം കണ്ടെത്താൻ കഴിയാത്ത ലിവർപൂളും ലാ ലിഗയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോസ് ബ്ലാങ്കോസിനു തന്നെയാണ് മുൻതൂക്കമെങ്കിലും കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടി ലിവർപൂളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു തവണയും വിജയം റയൽ മാഡ്രിഡിനൊപ്പമാണ് നിന്നതെങ്കിലും ആൻഫീൽഡിൽ കളിക്കാൻ വരുമ്പോൾ റയൽ മാഡ്രിഡിന് കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് മുൻ ലിവർപൂൾ താരം ജോൺ ആൽഡ്രിജ് മെസി, പെപ് ഗ്വാർഡിയോള എന്നിവരെ ഉദാഹരണമാക്കി പറഞ്ഞത്.
“ലയണൽ മെസി, പെപ് ഗ്വാർഡിയോള തുടങ്ങി ആധുനിക ഫുട്ബോളിലെ പല മഹാന്മാരും ലിവർപൂളിന്റെ മൈതാനത്ത് കളിക്കുന്നത് എങ്ങിനെയാണെന്ന് അനുഭവിച്ചവരാണ്. മത്സരത്തിലുടനീളം പാട്ടുകൾ പാടുന്ന ആരാധകരെയും അവർ മനസിലാക്കിയിട്ടുണ്ട്. അവരിൽ പലരും വിജയം നേടാതെയാണ് ആൻഫീൽഡിൽ നിന്നും തിരിച്ചു പോയതും.”
“റയൽ മാഡ്രിഡ് മുന്പുണ്ടായിരുന്നത്ര ഫോമിലല്ല ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്, ആൻഫീൽഡിൽ എന്താണ് കാത്തിരിക്കുന്നതെന്നും അവർ ഊഹിക്കുന്നുണ്ടാകില്ല. അതേസമയം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്പെയിനിൽ നിന്നുള്ള ഇതേ എതിരാളികൾക്കെതിരെ തോറ്റതിനാൽ ലിവർപൂളിന് കൂടുതൽ പ്രചോദനം വേണ്ടി വന്നേക്കില്ല. ഒരു മികച്ച രാത്രിയാകുമത്.” അദ്ദേഹം പറഞ്ഞു.
ആൾഡ്രിജ് റയൽ മാഡ്രിഡിന് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കൂടുതൽ ആക്രമണകാരികളാവുന്ന റയൽ മാഡ്രിഡിന് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. കഴിഞ്ഞ മത്സരത്തിൽ ഒസാസുനയെ തോൽപ്പിച്ച് റയൽ ആത്മവിശ്വാസം വീണ്ടെടുത്തപ്പോൾ ന്യൂകാസിലിനെ അവരുടെ മൈതാനത്ത് കീഴടക്കിയ ലിവർപൂളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.