“ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളെ അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കണം”
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സതാംപ്ടനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീട പോരാട്ടം അവസാന ദിനത്തിലേക്ക് നേടിയിരിക്കുകയാണ് ലിവർപൂൾ. ഇന്നലെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ലിവർപൂൾ നിർണായക വിജയം സ്വന്തമാക്കിയത്.മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റ് മാത്രമായി കുറഞ്ഞു. ഇനി അവസാന മാച്ച് റൗണ്ടിൽ മാത്രമേ ആർക്ക് കിരീടം എന്ന് തീരുമാനിക്കാൻ ആകു.
ശനിയാഴ്ച എഫ്എ കപ്പ് ഫൈനലിൽ ഇറങ്ങിയ ടീമിൽ നിന്ന് 9 മാറ്റവുമായാണ് ലിവർപൂൾ സതാംപടനെ നേരിട്ടത്. 13 ആം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ റെഡ്മോണ്ട് സതാംപ്ടനെ മുന്നിൽ എത്തിച്ചു.അവസാന അഞ്ചു മത്സരങ്ങളിൽ നാലാം തവണ ആയിരുന്നു ലിവർപൂൾ ആദ്യ ഗോൾ വഴങ്ങുന്നത്.27ആം മിനുട്ടിൽ സമനില ഗോൾ വന്നു. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങിയ തകുമി മിനാമിനോയാണ് ലിവർപൂളിനെ ഒപ്പമെത്തിച്ചത്.
രണ്ടാം പകുതിയിൽ ജോയൽ മാറ്റിപ്പാണ് കിരീട പ്രതീക്ഷ നിലനിർത്തി ലിവർപൂളിന്റെ വിജയ ഗോൾ സ്വന്തമാക്കിയത്. 67 ആം മിനിറ്റിലായിരുന്നു മാറ്റിപ്പിന്റെ ഗോൾ. ഹെഡ്ഡറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്.പ്രീമിയർ ലീഗിൽ നിലവിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ കേവലം ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. കിരീട വിജയികളെ നിർണയിക്കുന്ന ഞായറാഴ്ചത്തെ പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൻ വില്ലയെയും, ലിവർപൂൾ വോൾവ്സിനെയും നേരിടും.
𝐁𝐈𝐆 𝐆𝐎𝐀𝐋, 𝐉𝐎𝐄𝐋 🙌
— Liverpool FC (@LFC) May 17, 2022
Heading in a crucial winner to take all three points at St Mary's 🤩 pic.twitter.com/CkQ9WEdC60
ലിവർപൂളിന് 37 മത്സരങ്ങളിൽ നിന്ന് 89 പോയിന്റും സിറ്റി 37 മത്സരങ്ങളിൽ നിന്ന് 90 പോയിന്റുമാണുള്ളത്. നാല് പ്രധാന ട്രോഫികളുമായി സീസൺ അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾ സജീവമായി നിലനിൽക്കുന്നതിനാൽ ലിവർപൂളിന് മെയ് 28 ന് പാരീസിൽ റയൽ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉണ്ട്.