ആ പെനാൽറ്റി ബാഴ്‌സലോണ അർഹിച്ചതു തന്നെ, ബയേൺ മ്യൂണിക്ക് താരം പറയുന്നു

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഈ സീസണിൽ മികച്ച കുതിപ്പുമായി വന്ന ബാഴ്‌സലോണ ആധിപത്യം സ്ഥാപിച്ചെങ്കിലും മത്സരത്തിൽ വിജയം നേടിയത് ബയേൺ മ്യൂണിക്കായിരുന്നു. നിരവധി മികച്ച അവസരങ്ങൾ ബാഴ്‌സ തുറന്നെടുത്ത മത്സരത്തിൽ ഗോളുകൾ നേടാൻ പരാജയപ്പെട്ടതാണ് അവർക്കു തിരിച്ചടിയായത്. പെഡ്രി, ലെവൻഡോസ്‌കി എന്നിവർക്ക് ഒന്നിലധികം സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളിലേക്കെത്തിക്കാൻ അവർക്കായില്ല. അതേസമയം ലഭിച്ച അവസരങ്ങൾ കൃത്യമായി ഗോളിലേക്കെത്തിച്ച ബയേൺ സ്വന്തം മൈതാനത്ത് വിജയം നേടുകയും ചെയ്‌തു.

മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ചൊരു മുന്നേറ്റം നടത്തിയ ബാഴ്‌സലോണ താരം ഒസ്മാനെ ഡെംബലെയെ ബയേൺ മ്യൂണിക്ക് താരം അൽഫോൻസോ ഡേവീസ് ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കാത്തതിനെ ചൊല്ലി ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രധാന റഫറിയുടെ തീരുമാനത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെടുകയും ചെയ്‌തിരുന്നില്ല. എന്നാൽ റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും ഡെംബലെയെ വീഴ്ത്തിയത് പെനാൽറ്റി അർഹിക്കുന്ന ഫൗൾ ആയിരുന്നുവെന്നുമാണ് ബയേൺ മ്യൂണിക്ക് പ്രതിരോധതാരം ലൂക്കാസ് ഹെർണാണ്ടസ് പറയുന്നത്.

എന്തു പെനാൽറ്റി എന്നു ചോദിച്ച് ആദ്യം അതു സംബന്ധിച്ച ചോദ്യങ്ങളെ പൂർണമായി ഒഴിവാക്കുകയാണ് ലൂക്കാസ് ഹെർണാണ്ടസ് ചെയ്‌തത്‌. എന്നാൽ മുൻ റഫറി കൂടിയായ ഇട്ടുറൾഡെ ഗോൺസാലസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അതു ചെറിയ രീതിയിൽ ഒരു പെനാൽറ്റി ആയിരുന്നുവെന്നാണ് ലൂക്കാസ് ഹെർണാണ്ടസ് പറഞ്ഞത്. ഇന്നലത്തെ മത്സരത്തിൽ ബയേൺ മ്യൂണിക്കിന്റെ ആദ്യത്തെ ഗോൾ നേടിയത് ഹെർണാണ്ടസ് ആയിരുന്നു. ലെറോയ് സാനെയാണ് ജർമൻ ക്ലബിന്റെ രണ്ടാമത്തെ ഗോൾ നേടിയത്.

ബാഴ്‌സയായിരുന്നു മത്സരത്തിൽ മികച്ച ടീമെന്ന സാവിയുടെ പ്രസ്‌താവനയോടും ലൂക്കാസ് ഹെർണാണ്ടസ് പ്രതികരിച്ചു. “അവസാനം നോക്കുമ്പോൾ മത്സരഫലമാണ് കണക്കാക്കുക. ഒരു ടീം ഗോൾ വഴങ്ങാതിരിക്കുമ്പോൾ അവർ വിജയം അർഹിക്കും. ബാഴ്‌സലോണ വളരെ മികച്ച പ്രകടനം നടത്തി. എന്നാൽ ഗോളുകളാണ് അവസാനം കണക്കിലെടുക്കുക, അതിലവർ വിജയം നേടിയില്ല.” ഹെർണാണ്ടസ് പറഞ്ഞു. റോബർട്ട് ലെവൻഡോസ്‌കിയെ ബയേൺ നല്ല രീതിയിൽ പ്രതിരോധിച്ചുവെന്നും താരം പറഞ്ഞു.

മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ലൂക്കാസ് ഹെർണാണ്ടസ് പരിക്കേറ്റു പുറത്തു പോയിരുന്നു. അബ്ഡക്റ്റർ ഇഞ്ചുറി പറ്റിയ താരം ഏതാനും ആഴ്‌ചകൾ പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസിന്റെ മത്സരങ്ങൾ താരത്തിന് നഷ്‌ടമാകും എന്നുറപ്പായി. ബയേണിലെ മറ്റു രണ്ടു ഫ്രാൻസ് താരങ്ങളായ ഉപമേകാനോ, പവാർദ് എന്നിവർക്കും പരിക്കു പറ്റിയിട്ടുണ്ട്.

Rate this post