ഖത്തർ ലോകകപ്പിനു മുൻപ് ലൂയിസ് സുവാരസ് നിലവിലെ ക്ലബ് വിടും, യൂറോപ്പിലേക്ക് തിരിച്ചെത്താൻ സാധ്യത
അത്ലറ്റികോ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ലൂയിസ് സുവാരസ് നിരവധി ക്ലബുകളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ താൻ ബാല്യകാലത്ത് കളിച്ചിരുന്ന യുറുഗ്വായ് ക്ലബായ നാഷണലിലേക്കാണ് താരം ചേക്കേറിയത്. ഖത്തർ ലോകകപ്പിനുള്ള യുറുഗ്വായ് ടീമിൽ ഫിറ്റ്നസ് നിലനിർത്തി ഇടം നേടുന്നതിനു കൂടി വേണ്ടിയാണ് താരം നാഷനലിലേക്ക് ചേക്കേറിയത്. എന്നാൽ ലോകകപ്പിനു മുൻപു തന്നെ താരം ക്ലബ് വിടുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ലൂയിസ് സുവാരസ് നാഷനലിലേക്ക് ചേക്കേറിയെങ്കിലും ക്ലബുമായുള്ള കരാർ എത്ര കാലത്തേക്കാണ് എന്നതടക്കമുള്ള വിവരങ്ങൾ ഇതുവരെയും പുറത്തു വന്നിരുന്നില്ല. കഴിഞ്ഞ ദിവസം നാഷണൽ ക്ലബിന്റെ പ്രസിഡന്റായ ജോസേ ഫ്യുവന്റസ് ക്ലബുമായി ചെറിയ കരാറാണ് സുവാരസ് ഒപ്പിട്ടിരിക്കുന്നതെന്നും യുറുഗ്വായ് ലീഗ് സീസൺ അവസാനിക്കുമ്പോൾ, ലോകകപ്പിനു മുൻപേ തന്നെ താരം ക്ലബ് വിടുമെന്ന കാര്യം സ്ഥിരീകരിക്കുകയുണ്ടായി.
“യുറുഗ്വായ് ലീഗ് സീസൺ അവസാനിക്കുന്ന സമയത്ത് സുവാരസ് ക്ലബ് വിടും. ഇതാണ് ഞങ്ങൾ തമ്മിൽ അംഗീകരിച്ചിട്ടുള്ള കാര്യം. തെറ്റായ പ്രതീക്ഷകൾ ഉണ്ടാക്കേണ്ടെന്നു കരുതിയാണ് ഞാനിതു പറയുന്നത്. ഇവിടെയെത്താൻ താരം വലിയൊരു ശ്രമമാണ് നടത്തിയത്. സുവാരസ് ക്ലബ് വിടും.” യുറുഗ്വായ് ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡുള്ള സുവാരസിന്റെ കരാറിനെ കുറിച്ച് ഫ്യുവന്റാസ് പറഞ്ഞു.
Luis Suarez to leave Nacional after just a few months ahead of the World Cup https://t.co/0vBXehIV43
— MailOnline Sport (@MailSport) September 20, 2022
യുറുഗ്വായ് ലീഗിൽ നിരവധി മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ ലോകകപ്പിന് മുൻപ് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്താൻ ലൂയിസ് സുവാരസിന് അവസരമുണ്ട്. ലോകകപ്പിനു മുൻപ് ഇറാൻ, കാനഡ എന്നിവർക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള യുറുഗ്വായ് ടീമിൽ താരം ഇടം പിടിച്ചിട്ടുണ്ട്. പരിക്കിന്റെ പ്രശ്‌നങ്ങളില്ലെങ്കിൽ യുറുഗ്വായുടെ ലോകകപ്പ് ടീമിലും താരം ഇടം പിടിക്കും.
അതേസമയം യുറുഗ്വായ് ലീഗ് സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിട്ട് ഫ്രീ ഏജന്റാകുന്ന ലൂയിസ് സുവാരസിനായി നിരവധി ക്ലബുകൾ രംഗത്തു വരാനുള്ള സാധ്യതയുണ്ട്. നേരത്തെ തന്നെ താരത്തിനായി യൂറോപ്പിലെ ക്ലബുകൾ ശ്രമം നടത്തിയിരുന്നെങ്കിലും കൂടുതൽ അവസരങ്ങൾ നേടി ലോകകപ്പിനു മികച്ച രീതിയിൽ തയ്യാറെടുക്കാനാണ് സുവാരസ് നാഷനലിലേക്ക് ചേക്കേറിയത്.