ഓറഞ്ചിന്റെ തൊലിപൊളിച്ചു കളഞ്ഞ ലൂക്ക മോഡ്രിച്ചിന്റെ മിഡ്ഫീൽഡ് മാസ്റ്റർക്ലാസ് |luka modric

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരെ തെരഞ്ഞെടുത്താൽ പട്ടികയിലെ ആദ്യ സ്ഥാനക്കാരനായി ഇടം പിടിക്കുന്ന താരമാണ് ക്രോയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച്. 37 ആം വയസ്സിലും ക്ലബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന താരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒരേ ഫോമിൽ തന്നെയാണ് കളിക്കുന്നത്.

ഇന്നലെ റോട്ടർഡാമിലെ ഡി കുയിപ്പിൽ നടന്ന യുവേഫ നേഷൻസ് ലീഗിൽ നെതർലാൻഡ്‌സിനെതിരെയുള്ള സെമി ഫൈനലിൽ മോഡ്രിച്ചിന്റെ വിളയാട്ടമാണ് കാണാൻ സാധിച്ചത്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ക്രോയേഷ്യ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഓറഞ്ച് പടയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ക്രൊയേഷ്യ ചരിത്രത്തിലെ ആദ്യത്തെ പ്രധാന ട്രോഫിയിലേക്ക് അടുത്തിരുവുകയാണ്.കഴിഞ്ഞ വർഷം ലോകകപ്പ് സെമിഫൈനലിലെത്തിയ സ്ലാറ്റ്‌കോ ഡാലിക്കിന്റെ ടീം തങ്ങളുടെ ആദ്യത്തെ ട്രോഫി നേടുന്നതിലേക്ക് ഒരു പടി കൂടി അടുത്തിരുവുകയാണ്.

മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും ഒരു പെനൽറ്റിയും നേടിയെടുത്ത 37 കാരൻ പ്രായത്തെ വെല്ലുന്ന മിന്നുന്ന പ്രകടനമാണ് പുറത്തടുത്തത്.മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‍കാരവും നേടിയത് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ തന്നെയാണ്. മത്സരത്തിന്റെ 119 മിനുട്ടും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച 37 കാരന്റെ ഫിറ്റ്നസ് 20 കാരനെ നാണിപ്പിക്കുന്നതായിരുന്നു.89 ശതമാനം കൃത്യതയോടെ 81 പാസുകൾ പൂർത്തിയാക്കിയ മോഡ്രിച്ച് ഏഴ് നീണ്ട പാസുകൾ പൂർത്തിയാക്കി ഒരു വലിയ അവസരം സൃഷ്ടിച്ചു. റയൽ മാഡ്രിഡ് സൂപ്പർതാരം എട്ട് ഗ്രൗണ്ട് ഡ്യുവലുകളും രണ്ട് ഏരിയൽ ഡ്യുവലുകളും നേടി.കളിക്കളത്തിൽ ഏറ്റവുമധികം ടച്ചുകൾ (118) അദ്ദേഹത്തിനായിരുന്നു.

മത്സരം തുടങ്ങി 34 ആം മിനുട്ടിൽ തന്നെ ഡച്ച് ടീം മുന്നിലെത്തി.ഡോണേൽ മാലെൻ ആണ് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ക്രൊയേഷ്യ കൂടുതൽ ശക്തമായി തിരിച്ചുവന്നു. 55 ആം മിനുട്ടിൽ ക്രമറിക് പെനാൽറ്റിയിൽ നിന്ന് നേടിയ ഗോൾ ക്രോയേഷ്യക്ക് സമനില നേടിക്കൊടുത്തു.ക്രൊയേഷ്യ വേണ്ടി 165-ാമത് മത്സരം കളിക്കുന്ന 37-കാരനായ മോഡ്രിച്ചിനെ ലിവർപൂൾ ഫോർവേഡ് ഗാക്‌പോ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്.73 മിനിറ്റിൽ അറ്റലാന്റ മിഡ്ഫീൽഡർ പസാലിക്കിലൂടെ ക്രോയേഷ്യ ലീഡ് നേടി.

ക്രോയേഷ്യ വിജയത്തിലേക്ക് പോവും എന്ന് തോന്നിച്ച നിമിഷത്തിൽ ഡച്ച് സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ നോവ ലാംഗ് ആണ് നെതർലാൻഡ്‌സിന്റെ ഗോൾ നേടിയത്.കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും എക്‌സ്‌ട്രാ ടൈമിലേക്ക് പോയ മത്സരങ്ങളിൽ ബ്രസീൽ, ജപ്പാൻ, ഇംഗ്ലണ്ട്, റഷ്യ, ഡെൻമാർക്ക് എന്നിവരെ തോൽപ്പിച്ച ക്രൊയേഷ്യ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്. എക്സ്ട്രാ ടൈമിലെ 98 ആം മിനുട്ടിൽ പെറ്റ്‌കോവിച്ച് ക്രോയേഷ്യക്ക് ലീഡ് നേടിക്കൊടുത്തു.116-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലൂക്ക മോഡ്രിച് ക്രോയേഷ്യയുടെ നാലാം ഗോൾ നേടി സ്കോർ 4 -2 ആയി ഉയർത്തി. 2018 ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പും 2022 ലോകകപ്പിൽ മൂന്നാം സ്ഥാനവും നേടിയ ക്രൊയേഷ്യ, തങ്ങളുടെ ആദ്യ പ്രധാന അന്താരാഷ്ട്ര ട്രോഫി നേടുമെന്ന പ്രതീക്ഷയിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇറ്റലിയെയോ സ്‌പെയിനിനെയോ നേരിടും.

2006 മാർച്ചിൽ അർജന്റീനയ്‌ക്കെതിരെയായിരുന്നു റയൽ മാഡ്രിഡ് താരത്തിന്റെ ക്രോയേഷ്യക്ക് വേണ്ടിയുള്ള സീനിയർ അരങ്ങേറ്റം. ഒന്നര പതിറ്റാണ്ടിനിടയിൽ മിഡ്ഫീൽഡർ ക്രൊയേഷ്യൻ ടീമിന്റെ കേന്ദ്രമായി മാറുകയും അവരെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു.ക്രൊയേഷ്യൻ ദേശീയ ടീമിനായി മോഡ്രിച്ച് 165 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2006 ലും 2014 ലും വേൾഡ് കപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും 2018 ൽ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിനോട് പരാജയപെട്ടു.

മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2018 വേൾഡ് കപ്പിൽ ഗോൾഡൻ ബോൾ നേടിയ മോഡ്രിച്ച് ദശകത്തിൽ ബാലൻ ഡിയോർ നേടുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒഴികെയുള്ള ഒരു കളിക്കാരനായി.കഴിഞ്ഞ വേൾഡ് കപ്പിൽ ക്രോയേഷ്യയെ സെമിയിൽ എത്തിച്ചെങ്കിലും ലയന ലമെസ്സിയുടെ അർജന്റീനക്ക് മുന്നിൽ കീഴടങ്ങി.

Rate this post