കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സ്‌കോററാവാൻ മത്സരിച്ച് ലൂണയും ദിമിയും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു . ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്‌പൂരിനെ ഒരു ഗോളിനും വീഴ്ത്തി. കൊച്ചിയിൽ വെച്ചു നടന്ന രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയതോടെ ചരിത്രത്തിൽ ആദ്യമായി ഐഎസ്എല്ലിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

ഈ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ.ബെംഗളൂരു എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്‌എൽ ഓപ്പണറിൽ സ്‌കോർ ചെയ്‌ത പ്ലെ മേക്കർ ജാംഷെഡ്പൂരിനെതിരെയും അത് ആവർത്തിച്ചു. മത്സരത്തിന്റെ 74 ആം മിനുട്ടിൽ വലതു വശത്ത് നിന്നും ജാപ്പനീസ് വിംഗർ ഡൈസുകെ സകായ് ലൂണയ്ക്ക് നൽകിയ പന്ത് ലൂണ ബോക്സിന്റെ മധ്യത്തിൽ ഡയമന്റകോസിനു നൽകി. ഡയമന്റകോസ് ലൂണയ്ക്കു തന്നെ പന്ത് തിരിച്ചുനൽകി. പിന്നാലെ ലൂണ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു.

ഈ ഗോളോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ പദവിയിലേക്ക് കൂടുതൽ അടുക്കുകയാണ് ലൂണ. ജാംഷെഡ്പൂരിനെതിരെ നേടിയ ഗോളോടെ ബ്ലാസ്റ്റേഴ്സിനായുള്ള താരത്തിന്റെ ഗോളുകളുടെ എണ്ണം 14 ആയി ഉയർന്നു. 15 ഗോളുകൾ നേടിയ ബർത്തലോമിയോ ഒഗ്ബെചെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്‌കോറർ. 2019 -20 സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ നൈജീരിയൻ 16 മത്സരങ്ങളിൽ നിന്നാണ് 15 ഗോളുകൾ നേടിയത്.

യൂറോപ്പിൽ പിഎസ്ജി അടക്കമുള്ള ക്ലബുകൾക്കായി കളിച്ച ഒഗ്ബെച്ചെയുടെ കഴിവുകൾ ഒരു സീസണായിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താൻ സാധിച്ചത്. ആ സീസണിൽ കേരള ബ്ലാസ്റ്റർസ് നേടിയ 29 ഗോളുകളിൽ 15 എണ്ണവും (51.72%) അദ്ദേഹം നേടി. 12 ഗോളുകൾ നേടിയ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ആണ് മൂന്നാം സ്ഥാനത്ത്. 11 ഗോളുമായി മലയാളി താരം സികെ വിനീത് നാലാം സ്ഥാനത്തും. 10 ഗോളുകളുമായി ഇയാൻ ഹ്യൂം അഞ്ചാംസ്ഥനത്തുമാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരം മുംബൈ സിറ്റി എഫ്‌സിക്കെതിരെയുള്ള എവേ മത്സരമാണ്. ആ മത്സരത്തിൽ ഗോൾ നേടിയാൽ ലൂണക്ക് ഒഗ്ബെചെയുടെ റെക്കോർഡിന് ഒപ്പമെത്താൻ സാധിക്കും. ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച താരമായ ലൂണ ഈ സീസണിൽ തന്നെ ടീമിന്റെ എക്കാലത്തെയും ഗോൾ സ്‌കോറർ ആവും എന്ന കാര്യത്തിൽ സംശയമില്ല.

Rate this post
Kerala Blasters