ഇംഗ്ലീഷ് പ്രീമിയർ ലീഗിനിടെ കുഴഞ്ഞ് വീണ് ലൂട്ടൺ ക്യാപ്റ്റൻ , മത്സരം ഉപേക്ഷിച്ചു | Tom Lockyer | Luton Town

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ബോൺമൗത്തിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ലൂട്ടൺ ക്യാപ്റ്റൻ ടോം ലോക്കയർ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർ‌ന്ന് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. മത്സരം 59 മിനിറ്റ് പിന്നിട്ടപ്പോഴാണ് സംഭവം നടന്നത്. ഈ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.65-ാം മിനിറ്റിൽ റഫറി സൈമൺ ഹൂപ്പർ കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു.

“ക്യാപ്റ്റന് പിച്ചിൽ ഹൃദയാഘാതം സംഭവിച്ചതായി ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു, പക്ഷേ സ്ട്രെച്ചറിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും അദ്ദേഹം പ്രതികരിച്ചിരുന്നു,” ല്യൂട്ടൺ X-ൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.“സ്റ്റേഡിയത്തിനുള്ളിൽ അദ്ദേഹത്തിന് കൂടുതൽ ചികിത്സ ലഭിച്ചു, അതിന് ഞങ്ങൾ ഇരുവശത്തുമുള്ള മെഡിക്കൽ ടീമുകൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു”.ലോക്കയർ കുഴഞ്ഞു വീണതിന് ശേഷം രണ്ട് ടീമുകളിലെയും കളിക്കാർ കളി തുടരാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്ന് ക്ലബ് പറഞ്ഞു.

ലൂട്ടൺ മാനേജർ റോബ് എഡ്വേർഡ്സ് കണ്ണീരോടെയാണ് കളിക്കളത്തിൽ നിന്നും വിടവാങ്ങിയത്.മത്സരം ഉപേക്ഷിച്ച ശേഷം ഇരു ടീമിന്റെയും താരങ്ങൾ ​ഗ്രൗണ്ടിലെത്തി. മത്സരത്തിൽ നൽകിയ പിന്തുണയ്ക്ക് ഇരുടീമിന്റെയും താരങ്ങൾ ​ആരാധകർക്ക് നന്ദി പറഞ്ഞു.

മുമ്പ് മെയ് മാസം നടന്ന ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗ് മത്സരത്തിനിടെയിലും ലോക്കയർ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണിരുന്നു. അന്ന് താരത്തിന്റെ ഹൃദയത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെ ജൂണിൽ താരം കളത്തിൽ തിരികെയെത്തി.ശനിയാഴ്ച നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ എലിയാ അഡെബയോയിലൂടെ ലൂട്ടൺ ലീഡ് നേടിയപ്പോൾ ഡൊമിനിക് സോളങ്കെ 58-ാആം മിനുട്ടിൽ ബോൺമൗത്തിന്റെ സമനില ഗോൾ നേടി.