റയൽ മാഡ്രിഡിന്റെ മറ്റൊരു സൂപ്പർ താരത്തെയും റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഒരു മധ്യനിര താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് കുറച്ചു കാലമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ബാഴ്സലോണയുടെ ഡച്ച് താരമായ ഫ്രങ്കീ ഡി ജോങ്ങാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമെങ്കിലും താരം സ്പെയിൻ വിടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പൊൾ ലക്ഷ്യമിടുന്നത് റയൽ മാഡ്രിഡ് താരത്തെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്പെയിനിൽ നിന്നുള്ള വാർത്തകൾ പ്രകാരം കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിന്റെ മധ്യനിര താരമായ ഫെഡറികോ വാൽവെർദെക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് നൂറു മില്യൺ യൂറോ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യുറുഗ്വായ് താരത്തിന് വേണ്ടിയുള്ള ഓഫർ അപ്പോൾ തന്നെ ഫ്ലോറന്റീനോ പെരസ് നിരസിച്ചു, വാൽവെർദെയെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
എന്നാൽ ലോകകപ്പിന് ശേഷം സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തിൽ വാൽവെർദെ മികച്ച ഫോമിൽ കളിച്ചിരുന്നെങ്കിലും ലോകകപ്പിന് ശേഷം ആ ഫോം ആവർത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഖത്തർ ലോകകപ്പിൽ യുറുഗ്വായ് ആദ്യത്തെ റൗണ്ടിൽ തന്നെ അപ്രതീക്ഷിതമായി പുറത്തു പോയത് താരത്തെ മാനസികമായി ബാധിച്ചുവെന്ന് വേണം കരുതാൻ.
ലോകകപ്പിന് ശേഷം ഒരേയൊരു മത്സരത്തിൽ മാത്രമാണ് വാൽവെർദെ ഗോൾ നേടിയത്. അൽ അഹ്ലിക്കെതിരെ നടന്ന കഴിഞ്ഞ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ ആയിരുന്നു താരത്തിന്റെ ഗോൾനേട്ടം. താരത്തിന്റെഫോമിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് വ്യക്തമായതോടെ അത് മുതലെടുക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 65 മില്യൺ യൂറോയുടെ പുതിയ ഓഫർ വാൽവെർദെക്കായി നൽകാൻ പോവുകയാണ്.
Manchester United have reportedly launched a bid for Real Madrid star Federico Valverde. The Red Devils want to sign the Uruguay international in the summer to bolster their midfield. https://t.co/dtrYpukrFb
— Sportskeeda Football (@skworldfootball) February 9, 2023
എന്നാൽ അത്ര പെട്ടന്ന് താരത്തെ വിട്ടുകൊടുക്കാൻ റയൽ മാഡ്രിഡ് തയ്യാറാകില്ലെന്നുറപ്പാണ്. വരുന്ന സീസണിൽ ടീമിലെ മധ്യനിര താരങ്ങളായ മോഡ്രിച്ച്, ക്രൂസ് എന്നിവരെല്ലാം ക്ലബ് വിടാൻ സാധ്യതയുണ്ടെന്നതിനാൽ പരിചയസമ്പന്നനായ ഒരു മധ്യനിര താരത്തെ റയൽ മാഡ്രിഡിന് ആവശ്യമുണ്ടാകും. അതേസമയം ഈ സീസണിൽ ഫോം വീണ്ടെടുക്കാൻ വാൽവെർദെക്ക് കഴിഞ്ഞില്ലെങ്കിൽ റയൽ മാഡ്രിഡ് മരിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്.