മാഞ്ചസ്റ്റർ മാത്രമല്ല ഇംഗ്ലണ്ട് തന്നെ നീലയാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ ഇടിവെട്ട് പ്രകടനം

ആരാധകർക്ക് ഏറെ ആവേശം നൽകിയ എഫ്എ കപ്പ്‌ ഫൈനലിന്റെ മാഞ്ചസ്റ്റർ ഡെർബിയിൽ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ കിരീടകുതിപ്പ് തുടരുന്നു. 2019-ന് ശേഷം ആദ്യമായി എഫ്എ കപ്പ്‌ ഉയർത്തുന്ന പെപ് ഗ്വാർഡിയോളയുടെ സംഘം യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് തയ്യാറായി നിൽക്കുകയാണ്.

ഇംഗ്ലണ്ടിലെ വെമ്പ്ളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളി കാണാൻ ഒഴിക്കിയെത്തിയ ഇരുടീമുകളുടെയും ആരാധകരെ സാക്ഷിയാക്കി ആരംഭിച്ച മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി നായകൻ ഗുണ്ടോഗൻ യുണൈറ്റഡിന്റെ വലയിൽ പന്ത് എത്തിച്ചു. ഒന്നാം മിനിറ്റിൽ തന്നെ മത്സരത്തിൽ ലീഡ് നേടാൻ സിറ്റിക്ക് കഴിഞ്ഞു.

പിന്നീട് ഇരുടീമുകളും കാര്യമായി അങ്ങോട്ടും ഇങ്ങോട്ടും പോരാടിയെങ്കിലും സിറ്റിയുടെ വലയിൽ സമനില ഗോളിന്റെ പന്ത് എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ഗ്രീലീഷിന്റെ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി കിക്ക് വലയിലെത്തിച്ചുകൊണ്ട് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് സമനില ഗോൾ നേടി.

ആദ്യ പകുതി ഒരു ഗോൾ സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ വിജയഗോൾ ലക്ഷ്യമാക്കി ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി 51-മിനിറ്റിൽ വീണ്ടും നായകൻ ഗുണ്ടോഗനിലൂടെ രണ്ടാം ഗോൾ നേടി ലീഡ് നേടിയെടുത്തു. പിന്നീടങ്ങോട്ട് യുണൈറ്റഡിനെ പിടിച്ചുകെട്ടിയ സിറ്റി ഗോളുകൾ വഴങ്ങാതെ 2-1 സ്കോറിനു ഫൈനൽ വിജയം നേടി കപ്പ്‌ ഉയർത്തി.

സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്എ കപ്പ്‌ വിജയം വരാൻ പോകുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി ആത്മവിശ്വാസം ഏറെ നൽകും. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനെതിരെയാണ് ഇസ്താംബൂളിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുന്നത്.

5/5 - (1 vote)