പെപിന്റെ തലവേദന ഒഴിയുന്നു; ഇംഗ്ലീഷ് മിഡ്ഫീൽഡർ സിറ്റിയിലേക്ക്

ഇത്തവണ മധ്യനിരയിൽ ഒരുപാട് പ്രശ്നങ്ങളുള്ള സിറ്റി തങ്ങളുടെ പ്രശ്ന പരിഹാരം കണ്ടെത്തുന്നു. പ്രിമിയർ ലീഗ് ക്ലബ്‌ ക്രിസ്റ്റൽ പാലസിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ എബെറെച്ചി എസെയെ സ്വന്തമാക്കി മധ്യനിരയിലെ പ്രശ്നം അവസാനിപ്പിക്കാനാണ് പെപ്പിന്റെ നീക്കം. താരത്തിനായി പാലസ് 76 മില്യൺ ആവശ്യപ്പെടുന്നെങ്കിലും സിറ്റി അതിന് തയാറാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സീസണിലെ സിറ്റി മധ്യനിരയിലെ പ്രധാന താരമായ ഗുണ്ടോഗൻ ബാഴ്സയിലേക്ക് കൂടുമാറിയത് സിറ്റിയുടെ മധ്യനിരയെ തളർത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ച ഇംഗ്ലീഷ് താരം കാൽവിൻ ഫിലിപ്പിന് സിറ്റിയിൽ പേരിനൊത്ത പ്രകടനത്തിന് ഉയരാനായിട്ടില്ല. താരത്തെ ലോണിൽ അയക്കാനാണ് സിറ്റിയുടെ തീരുമാനം.

കൂടാതെ വെസ്റ്റ് ഹാമിൽ നിന്ന് ബ്രസീലിയൻ താരം ലുക്കാസ് പക്വറ്റയെ സിറ്റി ടീമിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം സിറ്റി ഈ ഡീലിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ മധ്യനിരയിൽ പ്രധാന താരങ്ങളെ എത്തിക്കാൻ സാധിക്കാത്ത സിറ്റി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ പാലസിൻറെ എസെയെ ലക്ഷ്യമിടുകയായിരുന്നു. താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ സിറ്റിക്കുണ്ട്.

അറ്റാക്കിങ്‌ മിഡ്ഫീൽഡർ, ലെഫ്റ്റ് വിങ്ങർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരം ആഴ്സനലിന്റെ യൂത്ത് അക്കാദമിയിലൂടെ പന്ത് തട്ടിതുടങ്ങിയത്. 2020 ലാണ് താരം പാലസിൽ എത്തുന്നത്. ഈ വർഷം താരം ഇംഗ്ലീഷ് ദേശീയ ടീമിനായും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

Rate this post